തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ കേരളത്തിലെ കോൺഗ്രസുകാർ സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം ചെയ്യുന്ന ഏത് അധമപ്രവൃത്തിയും ഏറ്റെടുക്കാൻ വേണ്ടിയാണോ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ബിബിസി ഡോക്യുമെന്ററി ഇന്ത്യ മുഴുവൻ പ്രദർശിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും മറ്റേതൊരു സംസ്ഥാനത്തും കാണിക്കാത്ത വൃത്തികേടാണ് കേരളത്തിൽ കോൺഗ്രസ് കാണിക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം.
“സത്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഏതുതരം രാഷ്‌ട്രീയമാണ് കൈകാര്യം ചെയ്യുന്നത്? സിപിഎം ചെയ്യുന്ന ഏത് അധമപ്രവൃത്തിയും അതിനേക്കാൾ വാശിയോടെ ചെയ്തു തീർക്കാൻ ഇവിടെ ഒരു കോൺഗ്രസ് ആവശ്യമുണ്ടോ? ബിബിസി ഡോക്യുമെന്ററി ഇന്ത്യ മുഴുവൻ പ്രദർശിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയടക്കം ഒരു കോൺഗ്രസ് നേതാവും എവിടേയും പറഞ്ഞതായി കണ്ടില്ല. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഈ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസുകർ കാണിച്ചതുപോലത്തെ വൃത്തികേട് കാണാനുമില്ല.
പണ്ട് ബീഫ് സമരങ്ങളുടെ കാലത്തും നാമിത് കണ്ടതാണ്. സിപിഎം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാർട്ടിയാണ്. അവർ ഇന്ത്യ ഛിന്നഭിന്നമായി കാണണമെന്നാഗ്രഹിക്കുന്നവരാണ്. ബ്രിട്ടീഷുകാരൻ വന്ന് ഇന്ത്യയിൽ മേഞ്ഞാൽ ഒരു വേദനയുമില്ലാത്ത അഞ്ചാംപത്തികളാണവർ. അവരോട് മത്സരിച്ച് ആരുടെ താത്പര്യമാണ് കോൺഗ്രസ് സംരക്ഷിക്കുന്നതെന്ന് അവരുടെ അണികൾ ആലോചിക്കുന്നത് നന്നായിരിക്കും. പിന്നെ ഷാഫി പറമ്പനും മാക്കുറ്റിക്കുമൊക്കെയുള്ള ചിന്താശേഷിയേ സുധാകരനും സതീശനുമുള്ളൂവെങ്കിൽ അനിൽ ആന്റണിമാർ ഇനിയും ഒരുപാടുപേരുണ്ടാവും. അത്രതന്നെ!” സുരേന്ദ്രൻ പറഞ്ഞു.
















Comments