തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. കർത്തവ്യപഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.
സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാകും നടക്കുക. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അഭിവാദ്യം സ്വീകരിക്കും.
പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തിഗാനം ആലപിക്കും. പതാക ഉയർത്തുന്നതിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഗവർണർ പുഷ്പാർച്ചന നടത്തും. ജില്ലാതലത്തിൽ ആഘോഷപരിപാടികൾക്ക് മന്ത്രിമാർ നേതൃത്വം നൽകും.
Comments