ഓരോ റിപ്പബ്ലിക്ക് ദിനവും ഏറ്റവും ശ്രേഷ്ഠമായാണ് ഇന്ത്യ ആഘോഷിക്കുന്നത്. ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ രാഷ്‌ട്രത്തിന്റെ സർവ്വശക്തിയും വിളിച്ചോതുന്ന സേനാവിഭാഗങ്ങളുടെ പരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യ ആകർഷണം. അത് പൊലെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ കർത്ത്യപഥിൽ എത്തുന്ന മുഖ്യതിഥിയും പരിപാടിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമാണ്.
റിപ്പബ്ലിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വളരെ മുൻപ് കേന്ദ്രസർക്കാർ ആരംഭിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുഖ്യാതിഥി ആരാകണമെന്ന തിരഞ്ഞെടുപ്പും ശേഷമുള്ള നയതന്ത്ര നടപടികളും. സാധാരണയായി മറ്റ് രാഷ്‌ട്രതലവൻമാരാണ് മുഖ്യാതിഥികളായി പങ്കെടുക്കുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താ അൽ-സിസിയാണ് ഇത്തവണത്തെ മുഖ്യാതിഥി. റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യാതിഥിയെ കേന്ദ്രസർക്കാർ തിരഞ്ഞടുക്കുന്നതെങ്ങനെ….അറിയാം
അനുയോജ്യരായ അതിഥികളെ കണ്ടെത്തുന്നതിൽ വിദേശകാര്യ മന്ത്രാലയമാണ് പ്രധാന പങ്ക് വഹിക്കുന്നത്. ക്ഷണിക്കാൻ ഉദ്ദേശിക്കുന്ന രാഷ്‌ട്രവുമായി ഇന്ത്യയ്‌ക്കുള്ള നയതന്ത്ര ബന്ധത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്.
രാഷ്‌ട്രീയമായും സാമൂഹികമായും സാമ്പത്തികമായും പ്രസ്തുത രാഷ്‌ട്രത്തിന്റെ നിലവിലെ സ്ഥിതി വിദേശകാര്യ മന്ത്രാലയം സസൂക്ഷമം വിലയിരുത്തും. ഇന്ത്യയുമായി ഈ രാജ്യം പലർത്തുന്ന സാമ്പത്തിക ബന്ധത്തിനും പ്രാധാന്യമുണ്ട്. കൂടാതെ സൈനിക മേഖലയിലുള്ള സഹകരണവും പ്രാദേശിക സഖ്യങ്ങളും കണക്കിലെടുക്കും. ചേരിചേര സഖ്യം പോലുള്ള കൂട്ടായ്മയിലെ അംഗത്വവും പരിഗണിക്കും. ആറുമാസം മുൻപ് തന്നെ മുഖ്യാതിഥിയെ ആരാകണമെന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളും.
വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രാഥമിക തിരഞ്ഞെടുപ്പിന് ശേഷം അംഗീകാരത്തിനായി രാഷ്‌ട്രപതിയേയും പ്രധാനമന്ത്രിയേയും സമീപിക്കും. ഇവരിൽ നിന്ന് അനുമതി ലഭിച്ചാൽ പിന്നെ മുഖ്യാതിഥിയെ ക്ഷണിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ജനുവരി 26ന് രാഷ്‌ട്രത്തലവന് മുൻകൂട്ടി തീരുമാനിക്കപ്പെട്ട മറ്റ് പരിപാടികൾ ഉണ്ടോ എന്നും ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ രാഷ്‌ട്രത്തിലെ നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെട്ട് പ്രസ്തുത രാഷ്‌ട്രതലവന്റ സൗകര്യം കൂടി ആരായും.
മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് ഉറപ്പ് ലഭിച്ചാൽ വിദേശ കാര്യമന്ത്രാലയം കൂടുതൽ ചർച്ചകളിലേക്കും ഉടമ്പടികളിലേക്കും കടക്കും. ഒപ്പം പ്രോട്ടോക്കോൾ ഉദ്യോഗസ്ഥൻ യാത്രയും സന്ദർശനവുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ പൂർത്തിയാക്കും.
മുഖ്യാതിഥിയുടെ സുരക്ഷ, യാത്ര, ആരോഗ്യ സംരക്ഷണം എന്നിവയ്‌ക്ക് പ്രധാന പരിഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. റിപ്പബ്ലിക്ക് ദിനത്തിന് ശേഷം മുഖ്യാതിഥി സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളുമായി ചേർന്നാണ് ഇവ ഒരുക്കുക. അതിഥികളെ ക്ഷണിക്കുന്നതിലും അവർക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതിൽ അതീവ ജാഗ്രതയാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. ചെറിയ പാളിച്ചപോലും അന്താരാഷ്‌ട്ര തലത്തിൽ ഏറെ ചർച്ചകൾക്ക് വഴിവെക്കും.
Comments