പദ്മ പുരസ്‌കാരങ്ങൾ ഏറ്റവും അനുയോജ്യമായ കൈകളിൽ എത്താൽ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഒരു പുരസ്‌കാരത്തിന് തിളക്കം വർദ്ധിക്കുന്നത് അത് ഏറ്റവും അനുയോജ്യമായ കരങ്ങൾ ഏറ്റുവാങ്ങുമ്പോഴാണ്. ഭാരതം ഇത്തവണ പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചതിൽ വയനാടിൽ നിന്നുള്ള ഒരു ജൈവകർഷകനുണ്ട്. അപൂർവ്വ ഇനം നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമൻ. എഴുപത്തിരണ്ട് പിന്നിട്ട വയനാടുകാരുടെ രാമേട്ടൻ ഇന്ന് കൃഷി ചെയ്യുന്നത് 55-ൽ അധികം നെൽവിത്തുകളാണ്.
പത്ത് വയസ്സ് മുതൽ മണ്ണിനോടും കൃഷിയോടും കൂട്ട് കൂടിയ ഇദ്ദേഹം പൈതൃകമായി കൈമാറിക്കിട്ടിയ കൃഷിരീതികളാണ് ഇന്നും ഉപയോഗിക്കുന്നത്. കൃഷി പലപ്പോഴും സാമ്പത്തികനഷ്ടം ഉണ്ടാക്കിയെങ്കിലും സങ്കരവിത്തുകളുടെയോ ആധുനിക കൃഷി രീതികളുടെയോ പിറകേ പോകാൻ രാമേട്ടൻ തയ്യാറായിട്ടില്ല.
രാജ്യത്തിനകത്തും പുറത്തും ജൈവകൃഷിയേക്കുറിച്ചും അപൂർവ്വ ഇനം വിത്തിനങ്ങളെ കുറിച്ചും ക്‌ളാസുകൾ എടുക്കാൻ ഇദ്ദേഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ആരോഗ്യപരമായ കാരണങ്ങളാൽ യാത്രകൾ കുറച്ചു. വിദേശത്ത് നിന്ന് പോലും അപൂർവ്വ കൃഷിയെ കുറിച്ച് പഠിക്കാൻ കമ്മനത്തുള്ള രാമേട്ടന്റെ വസതിയിയിലേക്ക് ആളുകൾ എത്താറുണ്ട്.
രാമേട്ടൻ താമസിക്കുന്ന വിടിനും പറയാനുണ്ട് ഒരുപാട് കഥകൾ. 150-ൽ അധികം വർഷം പഴക്കമുള്ള വീട് മണ്ണും വൈക്കോലും മുളയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈട്ടിയും മുളയും കൊണ്ടാണ് മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്.
രാമേട്ടന്റെ ജീവിതം നെൽവിത്തുകളുടെ സംരക്ഷണത്തിന് മാറ്റിവെക്കുമ്പോൾ എല്ലാത്തിനും പിന്തുണയുമായി കൃഷിയെ സ്‌നേഹിക്കുന്ന കുടുംബമുണ്ട്. ഭാര്യ ഗീത, മക്കളായ രമണി, രമേശൻ, രാജേഷ്, രജിത മരുമക്കളായ രജിത, തങ്കമണി എന്നിവരടങ്ങുന്നതാണ് ചെറുവയൽ രാമേട്ടന്റെ കുടുംബം.
Comments