ശ്രീനഗർ: 74-ാം റിപ്പബ്ലിക് ദിനത്തിൽ ത്രിവർണ പതാക ഉയർത്തി മുൻ പാക് ഭീകരൻ. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ സെഗ്ഡി ഗ്രാമത്തിലാണ് സംഭവം. പാക് ഭീകര സംഘടന ആയ ഹർക്കത്ത്-ഉൽ-ജിഹാദ്-ഇ-ഇസ്ലാമിയിൽ സജീവമായിരുന്ന ഷെർ ഖാനാണ് വീട്ടിൽ പതാക ഉയർത്തിയത്.
1998 മുതൽ 2006 വരെ ഭീകരവാദ സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഷെർ ഖാൻ. തുടർന്ന് 2006-ലാണ് ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങിയത്. പാക് ഭീകരർ തന്നെ 20-ാം വയസ്സിൽ തട്ടിക്കൊണ്ട് പോയതാണെന്നും ഷെർ ഖാൻ വ്യക്തമാക്കിയിയരുന്നു. അതിക്രൂരമായ പീഡനങ്ങളായിരുന്നു പാകിസ്താനിൽ താൻ അനുഭവിച്ചതെന്നും ഇയാൾ പറഞ്ഞു. പിന്നീട് ഇതിൽ മനംനൊന്ത് പാക് ഭീകരരിൽ നിന്ന് രക്ഷപ്പെട്ട് സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നുവെന്നും ഷെർ ഖാൻ കൂട്ടിച്ചേർത്തു.
2006-ൽ കശ്മീർ അതിർത്തിയിൽ വെച്ചായിരുന്നു ഇയാൾ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്. പിന്നീട് ഇയാളെ ജയിലിടയ്‌ക്കുകയായിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ തന്നെയും തന്റെ കുടുംബത്തെയും തകർത്തതായി ഷെർ ഖാൻ പറയുന്നു. ഭീകരരായി കഴിഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അയാൾ പറഞ്ഞു.
ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വേളയിലായിരുന്നു ഷെർ ഖാന്റെ ഒന്നാം വിവാഹം. എന്നാൽ വൈകാതെ ബന്ധം ശിഥിലമായെന്നും ഖാൻ സൂചിപ്പിച്ചു. നിലവിൽ രണ്ടാം ഭാര്യയ്‌ക്കും പെൺമക്കൾക്കുമൊപ്പമാണ് ഇയാൾ കഴിയുന്നത്. ആദ്യമായാണ് വീട്ടിൽ ത്രിവർണ പതാക ഉയർത്തുന്നതെന്ന് ഷെർ ഖാൻ പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. തുടർന്നുള്ള റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മുഗൾ മൈതാനാത്ത് എത്തിയിരുന്നതായും ഖാൻ പറഞ്ഞു.
Comments