ന്യൂഡൽഹി: രാഷ്‌ട്രം 74-ാമത് റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടയൊണ് ആഘോഷിക്കുന്നത്. ദേശീയ യുദ്ധസ്മരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
കർത്തവ്യപഥത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി. പരേഡിൽ അംഗരക്ഷക സൈന്യത്തിന്റെ അകമ്പടിയോടെയാണ് രാഷ്‌ട്രപതി എത്തിയത്. തുടർന്ന് 21 ഗൺ സല്യൂട്ടോടെ പരേഡ് ആരംഭിച്ചു. സേനാംഗങ്ങളുടെ മാർച്ചും നിശ്ചലദൃശ്യങ്ങളും ഫ്‌ളോട്ടുകളും പിന്നാലെയെത്തി. ടാബ്ലോകൾ ചെങ്കോട്ട വരെയെത്തി പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. കർത്തവ്യപഥിലെ ആദ്യ പരേഡിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
ഏറെ പുതുമ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പുതുതായി നിർമ്മിച്ച കർത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതാണ്. സെൻട്രൽ വിസ്തയുടെ നിർമ്മാണത്തൊഴിലാളികൾ, കർത്തവ്യപഥത്തിലെ ശുചീകരണ തൊഴിലാളികൾ, റിക്ഷക്കാർ, പാൽ-പച്ചക്കറി-പലവ്യജ്ഞന വിൽപ്പനക്കാർ തുടങ്ങിയവർക്ക് പരേഡിൽ പ്രത്യേക ക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. കർത്തവ്യപഥിൽ വിവിഐപി സീറ്റിലിരുന്നാകും പരേഡിന് സാക്ഷ്യം വഹിക്കുക.
വജ്ര സെൽഫ് പ്രൊപ്പൽഡ് ഗൺസ്, അക്ഷയ്-നാഗ് മിസൈൽ സിസ്റ്റം തുടങ്ങി ഇന്ത്യൻ സേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധോപകരണങ്ങൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിക്കും. തദ്ദേശീയമായി വികസിപ്പിച്ച 105 എംഎം ഇന്ത്യൻ ഫീൽഡ് തോക്കുപയോഗിച്ചാകും 21 ഗൺ സല്യൂട്ട് എന്നതും ഈ വർഷത്തെ പുതുമയാണ്.
റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക കണ്ടിജെന്റിൽ പുരിഷന്മാർക്കൊപ്പം വനിതകളും ഭാഗമാകും. രാജസ്ഥാന്റെ സാംസ്‌കാരിക ചരിത്രം ഉൾക്കൊള്ളിച്ചുള്ളതാകും വനിതകളുടെ വേഷം.
ബോളിവുഡ്, പാശ്ചാത്യസംഗീതങ്ങൾ പൂർണമായും ഒഴിവാക്കി ഇന്ത്യൻ രാഗങ്ങളാകും ഉൾപ്പെടുത്തുക. നാല് ഇന്ത്യൻ രാഗങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് വ്യോമസേനയുടെ പരേഡിന്റെ പശ്ചത്താല സംംഗീതം.
Comments