ഡൽഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ ശ്രദ്ധ പിടിച്ചുപറ്റി കേരളത്തിന്റെ ടാബ്ലോ. സ്ത്രീ ശക്തി വിളിച്ചോതിയുള്ളതായിരുന്നു കേരളത്തിലെ ടാബ്ലോ. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്നതിനെ കേന്ദ്ര പ്രമേയമാക്കി ഉരുവിന്റെ മാതൃകയിലാണ് ടാബ്ലോ തയാറാക്കിയിരുന്നത്. ചരിത്രത്തിൽ ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഗോത്രനൃത്തം അവതരിപ്പിക്കുന്നത്.
സാധാരണക്കാരായ പ്രാദേശിക വനിതകളുടെ കൂട്ടായ്മയും പ്രവർത്തനങ്ങളും സമൂഹവികസനത്തിനും രാജ്യപുരോഗതിക്കും എങ്ങനെ നേട്ടമാകുന്നു എന്നതാണ് കേരളം ടാബ്ലോയിൽ പ്രദർശിപ്പിച്ചത്. 96-ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് 2020-ലെ നാരീശക്തി പുരസ്കാരം കരസ്ഥമാക്കിയ കാർത്ത്യായനി അമ്മയുടെയും മികച്ച പിന്നണി ഗായികയ്ക്കുളള ദേശീയപുരസ്ക്കാരം നേടിയ നഞ്ചിയമ്മയുടെയും ശില്പങ്ങൾ ടാബ്ലോയിൽ കാണാമായിരുന്നു.
നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ച ‘കലക്കാത്ത സന്ദനം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യം പ്രതീകവൽക്കരിക്കുന്ന ടാബ്ലോ കേരളം പ്രദർശിപ്പിച്ചത്. കേരളത്തിന്റെ ടാബ്ലോയെ നിറഞ്ഞ പുഞ്ചിരിയോടെയാണ് പ്രസിഡന്റ് ദ്രൗപദി മുർമു ആസ്വദിച്ചത്.
Comments