ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനം റാഞ്ചിയെന്ന ട്വീറ്റ് പങ്കുവച്ച് ആശങ്ക പരത്തിയ യാത്രക്കാരനെതിരെ നടപടി. ദുബായിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര തിരിച്ച വിമാനം സാങ്കേതിക കാരണങ്ങളാൽ ഡൽഹിയിൽ ഇറക്കിയിരുന്നു. ഇതിനിടെ സ്പൈസ് ജെറ്റ് വിമാനം റാഞ്ചിയെന്ന് ട്വീറ്റ് യാത്രക്കാരനായ
യുവാവ് പങ്കുവച്ചു. അനാവശ്യ ഭീതി പരത്താൻ ശ്രമിച്ച യുവാവിനെ വിമാനത്തിൽ നിന്ന് പുറത്താക്കി സ്പൈസ് ജെറ്റ് അധികൃതർ പോലീസിൽ ഏൽപ്പിച്ചു.
രാജസ്ഥാനിലെ നഗൂർ സ്വദേശി മോട്ടി സിംഗ് റാത്തോഡിനെ (29) ആണ് പുറത്താക്കിയത്. മോശം കാലാവസ്ഥ മൂലം സാധാരണയിൽ നിന്നും വ്യത്യസ്തമായി മറ്റൊരു റൂട്ടിലൂടെയാണ് വിമാനം ദുബായിൽ നിന്ന് യാത്ര തിരിച്ചത്. രാവിലെ 9.45ന് ഡൽഹിയിൽ എത്തുകയും ചെയ്തു. പിന്നീട് ഉച്ചയ്‌ക്ക് 1.40ന് ജയ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതിനിടെയായിരുന്നു വിമാനം ഹൈജാക്ക് ചെയ്തുവെന്ന് അറിയിച്ച് യുവാവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
വിവരം ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കുകയും കൂടുതൽ നിയമനടപടികൾക്കായി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
















Comments