ന്യൂഡൽഹി: ഈജിപ്തിലെ ‘സുയുസ് കനാൽ സാമ്പത്തിക മേഖല’ യിലേക്ക് ഇന്ത്യൻ വ്യവസായങ്ങളെ സ്വാഗതം ചെയ്ത് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് എൽ സിസി.
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര-വ്യാപര ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ വ്യവസായങ്ങളെ ഈജിപ്ഷ്യൻ പ്രസിഡന്റ് ഈജിപ്തിലേക്ക് ക്ഷണിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായ ഇന്ത്യയിൽ എത്തിയ ഈജിപ്ഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രിയുമായി വിശദമായ കൂടിക്കാഴ്ച നടത്തി. തുടർന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾ തമ്മിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശയവിനിമയം ശക്തപ്പെടുത്താനും കൂടിക്കാഴ്ചയിൽ ധാരണയായി. കൂടാതെ പ്രതിരോധ രംഗത്ത് സാങ്കേതികവിദ്യകളുടെ കൈമാറ്റം, പ്രതിരോധ വ്യവസായങ്ങൾ എന്നിവയിലും പങ്കാളിത്തം ശക്തമാക്കും. ഭീകരാവാദത്തിനെതിരായ ഇന്ത്യയുടെ നയങ്ങളെ ഈജിപ്ത് പിന്തുണക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
2022-ൽ ഇന്ത്യയും ഈജിപ്തും തമ്മിൽ ഉണ്ടാക്കിയ പ്രതിരോധ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായകരമായെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഈജിപ്ത് സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്തെ സഹകരണം സംബന്ധിച്ച് സുപ്രധാന കരാറിൽ എത്തിയത്. സൈബർ സെക്യൂരിറ്റി രംഗത്ത് തുടർന്നും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സേനയിൽ ഇരു രാജ്യങ്ങളുടെ പങ്കാളിത്തം, സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ അംഗത്വം എന്നിവയെ കുറിച്ചും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുമെന്നാണ് കണക്കാക്കുന്നത്. കൊറോണ പ്രതിസന്ധിക്കിടയിലും
2021-22 ൽ 7.26 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും ഈജിപ്തും തമ്മിലുണ്ടായത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇത് 12 ബില്യൺ യുഎസ് ഡോളറാക്കി ഉയർത്താനാണ് ഇതു രാജ്യങ്ങളുടെയും ശ്രമം.
ആദ്യമായാണ് ഒരു ഈജിപ്ഷ്യൻ പ്രസിഡന്റെ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിച്ച വിരുന്നിലും ഈജിപ്ഷ്യൻ പ്രസിഡന്റ് പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ രാഷ്‌ട്രപതി ഭവനിലെ വിരുന്നിൽ സംബന്ധിച്ചു.
Comments