കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രാതൽ സദ്യ നടത്തിപ്പിലെ അനാസ്ഥയ്‌ക്ക് എതിരെ പരാതിയുമായി ഹൈന്ദവ സംഘടനകൾ.ദേവസ്വം ജീവനക്കാരുടെ നടപടിയ്‌ക്കെതിരെ ദേവസ്വംമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഹിന്ദു ഐക്യവേദി പരാതി നൽകി. നടപടിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അന്നദാന പ്രഭുവാണ് വൈക്കത്തപ്പൻ. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടുകളിലൊന്നാണ് പ്രാതൽ സദ്യ. ഉച്ചപൂജയ്‌ക്ക് ശേഷം നടക്കുന്ന പ്രാതലിൽ പങ്കെടുക്കാനായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഒരു ദിവസം എട്ട് പറ അരിയുടെ വഴിപാടാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഒരു പറയ്‌ക്ക് ഏകദേശം 3,500 ഭക്തജനങ്ങളിൽ നിന്നും ഈടാക്കുന്നുണ്ട്. എന്നാൽ ഇത് കൃത്യമായി ഈ വഴിപാട് വിതരണം ചെയ്യാനോ അതിനുള്ള വ്യവസ്ഥ ദേവസ്വം ബോർഡ് ഇന്ന് വരെ ക്രമീകരിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.
ഇവിടെ എത്തുന്ന ഭക്തരോട് കടുത്ത അവഗണനയും അനാസ്ഥയുമാണ് ദേവസ്വം ബോർഡ് ജീവനക്കാർ നടത്തുന്നതെന്നാണ് ആരോപണം.വഴിപാട് കൃത്യമായി കൊടുക്കുന്നതിന് വൈക്കം ദേവസ്വം ബോർഡിന്റെ ചില ഉദ്യോഗസ്ഥർ അനാദരവ് കാണിക്കുന്നുണ്ടെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു. പലതവണ പരാതി പറഞ്ഞിട്ടും യാതൊരുവിധ ഫലവും ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് ദേവസ്വംമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകാൻ പദ്ധതിയിടുന്നതെന്നും സംഘടന അറിയിച്ചു.
Comments