ശ്രീനഗർ: വയനാട് എംപി രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിക്കുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഔപചാരിക സമാപനത്തിന് ശേഷം ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയിൽ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളെ കോൺഗ്രസ് ക്ഷണിച്ചിരുന്നു. ചെറുതും വലുതുമായ 21 പാർട്ടികളെയാണ് കോൺഗ്രസ് ക്ഷണിച്ചത്. എന്നാൽ, തൃണമൂൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, തെലുങ്ക് ദേശം പാർട്ടി എന്നിവർ റാലിയിൽ പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പങ്കെടുക്കുന്നില്ല എന്ന് പറയുമ്പോഴും, കോൺഗ്രസിന്റെ പിന്നിൽ നിന്നുകൊണ്ട് പ്രതിപക്ഷ ഐക്യം രൂപീകരിക്കാൻ തങ്ങൾ തയ്യാറല്ല എന്ന് പറയാതെ പറയുകയാണ് തൃണമൂൽ അടക്കമുള്ള പാർട്ടികൾ. ഇതിനിടെയിലും യാത്ര ആന്ദരകരമാക്കുകയാണ് രാഹുൽ ഗാന്ധി.
കശ്മീരിൽ വലിയ മഞ്ഞു വീഴ്ചയാണ്. മഞ്ഞിൽ കളിക്കുന്ന രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക വാദ്രയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വലിയ മഞ്ഞു കട്ട കൊണ്ട് പ്രിയങ്കയുടെ ചെവിപൊത്തി അടിക്കുന്ന രാഹുലിനെ വീഡിയോയിൽ കാണാം. തിരിച്ച്, രാഹുലിന്റെ ചെവിയിൽ മഞ്ഞ് ഇടാൻ പ്രിയങ്കയും ശ്രമിക്കുന്നു. ഇവരുടെ കുട്ടിക്കളിയിൽ നിന്നും ഓടി രക്ഷപ്പെടുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
Sheen Mubarak!😊
A beautiful last morning at the #BharatJodoYatra campsite, in Srinagar.❤️ ❄️ pic.twitter.com/rRKe0iWZJ9
— Rahul Gandhi (@RahulGandhi) January 30, 2023
അതേസമയം, രാഹുലിനിപ്പോഴും കുട്ടിക്കളി മാറിയിട്ടില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതൽക്കെ കുട്ടികളുടേത് പോലുള്ള രാഹുലിന്റെ പെരുമാറ്റങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ ഫുഡ് വ്ലോഗർക്കൊപ്പം ഭക്ഷണം പാകം ചെയ്യുക, കേരളത്തിലെ ബജി കടകൾ സന്ദർശിക്കുക, വള്ളം തുഴയുക, നൃത്തം ചെയ്യുക, പുഷ്അപ്പ് ചെയ്യുക ഇങ്ങനെ നീളുന്നു ഭാരത് ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രവൃത്തികൾ. പല വിഷയങ്ങളും ചർച്ച ചെയ്യുമ്പോൾ പോലും വാക്കുകളിൽ കുട്ടിത്തം നിലനിൽക്കുന്നു എന്നും, രാഹുൽ ഗാന്ധി നല്ലൊരു പൊതുപ്രവർത്തകനായി രൂപാന്തരപ്പെട്ടിട്ടില്ല എന്നും വിമർശനങ്ങൾ ഉയരുകയാണ്.
Comments