തിരുവനന്തപുരം: പിണറായി സർക്കാരിലെ മാസ്റ്റർ ബ്രയിനായി വന്ന് പിന്നീട് വിവാദ നായകനായി മാറിയ എം. ശിവശങ്കർ ഇന്ന് പടിയിറങ്ങുന്നു. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നാണ് പടിയിറക്കം. സഹപ്രവർത്തകർക്കൊപ്പം ലളിതമായ യാത്രയപ്പ് ചടങ്ങോടെയാകും സിവിൽ സർവീസ് ജീവിതത്തിന് ഫുൾസ്റ്റോപ്പിടുക.
ഒന്നാം പിണറായി സർക്കാരിൽ എല്ലാം ശിവശങ്കറായിരുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന സ്വപ്ന പദ്ധതികൾക്ക് പിന്നിലെ മാസ്റ്റർ ബ്രെയിൻ, മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായിരുന്നു അദ്ദേഹം.എന്തിലും ഏതിലും മുഖ്യമന്ത്രി ഉപദേശം തേടിയും ഏതു വകുപ്പിലും ഇഷ്ടം പോലെ ഇടപെട്ടും വിലസിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ. നയപരമായ വിഷയങ്ങളിൽ പോലും കാര്യം നടത്തുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ സൂപ്പർ സെക്രട്ടറി. മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവതത്തിലെ കരി നിറഞ്ഞ അദ്ധ്യായമാണ് സ്വർണക്കടത്ത് ആരോപണം. സർവീസിൽ ഇരിക്കെ ജയിലിലായ സംസ്ഥാനത്തെ അപൂർവ്വം ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ് ശിവശങ്കർ.
നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു ശിവശങ്കർ. സ്പ്രിംക്ലർ, ലൈഫ് മിഷൻ വിവാദങ്ങൾക്ക് പിന്നാലെയാണ് സ്വർണക്കടത്ത് ആരോപണങ്ങളും പിണറായി സർക്കാരിന്റെ മാസ്റ്റർ ബ്രയിനെ തേടിയെത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതിയ്‌ക്ക് അനധികൃത നിയമനം നൽകാൻ ഇടപെട്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ആരോപണങ്ങളിൽ മുങ്ങി താഴ്ന്ന ശിവശങ്കരനെ 2020 ജൂലൈ ഒന്നിന് സർക്കാർ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഒരു വർഷവും അഞ്ച് മാസവും കഴിഞ്ഞാണ് സർവീസിൽ തിരികെയെത്തിയത്. ഇതിനിടെ സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളെ നിഷേധിച്ച് ‘ അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന അനുഭവക്കുറിപ്പ് പ്രസദ്ധീകരിച്ചിരുന്നു.പുസ്തകം പിന്നീട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചു.
Comments