ന്യൂഡൽഹി : ഡൽഹി-മുംബൈ എക്സ്പ്രസ് വേ നിർമാണത്തിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. രാജ്യത്തിന്റെ സാമ്പത്തിക ഇടനാഴിയിലെ സുപ്രധാന ധമനിയാണ് ഡൽഹി-മുംബൈ എക്സ്പ്രസ് ദേശീയപാതയെന്ന് അദ്ദേഹം പറഞ്ഞു. ഹൈവേ, ചരക്ക് നീക്കം വേഗത്തിലാക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഇത് സ്വാധീനിക്കുമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. അഭിനന്ദനം അറിയിക്കുന്നതായും നന്ദി പറയുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗഡ്കരി പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവെച്ചായിരുന്നു ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. 1450 കിമി ദൈർഘ്യമുള്ളതാണ് മുംബൈ- ഡൽഹി എക്സ്പ്രസ് ഹൈവേയെന്നും മുൻപുണ്ടായിരുന്നതിൽ നിന്നും യാത്രാ സമയം പകുതിയായി കുറയുമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഇത് ഇരുനഗരങ്ങളിലേയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റ ചെയ്തിരുന്നു.
മുംബൈ- ഡൽഹി എക്സ്പ്രസ് വേയുടെ ഭാഗം, സാഹ്ന- ദൗസ ദേശീയ പാത ഫെബ്രുവരി 12 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യതലസ്ഥാനവും രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരുമായുള്ള ദൈർഘ്യം രണ്ട് മണിക്കൂർ കുറയ്‌ക്കാൻ പാത സഹായിക്കും.
















Comments