ഭോപ്പാൽ: ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ആരംഭിച്ച സംസ്ഥാനമായി മദ്ധ്യപ്രദേശ് ചരിത്രത്തിൽ ഇടം നേടി. പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം പ്രാദേശിക ഭാഷകളിലും മാതൃഭാഷയിലും വിദ്യാഭ്യാസം നൽകണമെന്ന ആശയം വന്നതിന് പിന്നാലെയാണ് മദ്ധ്യപ്രദേശ് സർക്കാരിന്റെ ഈ നിർണ്ണായക തീരുമാനം.
മദ്ധ്യപ്രദേശിൽ ഹിന്ദിയിൽ എംബിബിഎസ് കോഴ്സ് ആരംഭിച്ചതിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. മദ്ധ്യപ്രദേശ് സർക്കാരിന്റെ പ്രവർത്തി രാജ്യത്ത് ആദ്യമാണെന്നും ഇത് പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യൻ ഭാഷകൾക്ക് പുതിയ ശക്തിയും ദിശാവബോധവും ലഭ്യമാകുമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രതിജ്ഞാബദ്ധതയോടെയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പ്രാദേശിക ഭാഷകളിൽ മെഡിക്കൽ സയൻസ് പഠനം സാധ്യമാക്കാനുള്ള തീരുമാനം മെഡിക്കൽ സയൻസിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യർത്ഥികളുടെ ആഗ്രഹത്തിന് ചിറകുനൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം കോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി മദ്ധ്യപ്രദേശ് സർക്കാർ ഹിന്ദിയിൽ പുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞിരുന്നു. എംബിബിഎസ് കോഴ്സുകൾക്ക് പിന്നാലെ എഞ്ചിനീയറിംഗിനും മറ്റ് പ്രൊഫഷണൽ കോഴ്സുകൾക്കും സമാനമായ സംവിധാനം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. മറ്റു രാജ്യങ്ങൾ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായി അവരുടെ മാതൃഭാഷ ഉപയോഗിക്കുമ്പോൾ നമ്മൾ മാത്രം എന്തിന് ഇംഗ്ലീഷിന്റെ അടിമകളായി തുടരണമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഹിന്ദി സംസാരിക്കുന്ന പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഇടത്തരക്കാരിൽ നിന്നും താഴ്ന്ന സാമ്പത്തിക വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളിലെ അപകർഷതാ ബോധം നീക്കാൻ ഈ പുതിയ സംവിധാനം സഹായിക്കുമെന്നും ചൗഹാൻ അഭിപ്രായപ്പെട്ടു.
Comments