എറണാകുളം: ഒരു മാസത്തിനിടെ എറണാകുളത്ത് ഭക്ഷ്യ വിഷബാധയേറ്റത് ഇരുന്നൂറോളം പേർക്ക്. ഹോട്ടലുകൾ ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധയേറ്റത്. ഇതോടെ മിന്നൽ പരിശോധനകൾ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കൊച്ചി കോർപ്പറേഷൻ. സ്കൂൾ, കോളേജ്, അവധികാല ക്യാമ്പുകൾ എന്നിവിടങ്ങളിൽ നിന്നും പലർക്കും ഭക്ഷ്യബാധയേറ്റിട്ടുണ്ട്. പഴകിയ ഭക്ഷണങ്ങളും വൃത്തിഹീനമായ ചുറ്റുപാടും പരിശോധനകളിൽ കണ്ടെത്തിയിരുന്നു.
മിന്നൽ പരിശോധനകൾക്കായി 18 ലക്ഷം രൂപ മുടക്കി സഞ്ചരിക്കുന്ന ലാബ് സജ്ജമാക്കാനാണ് കൊച്ചി കോർപ്പറേഷന്റെ തീരുമാനം. ലാബിന്റെ നടപടികൾ പുരോഗമിക്കുകയാണ്. പണി പൂർത്തിയാകുന്നതോടെ ദിവസവും പരിശോധന നടത്താൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മാർച്ച് മാസത്തോടെ ലാബിന്റെ പണി പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡിന്റെ മറവിൽ വൻ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. പണം കൊടുത്താൽ ഒരു പരിശോധനയും കൂടാതെ തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും ഹെൽത്ത് കാർഡ് ലഭ്യമാകുന്നു. കൈക്കൂലി വാങ്ങികൊണ്ട് ഹെൽത്ത് കാർഡിനുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർ നൽകുന്നു എന്ന വിവരം പുറത്തു വന്നതോടെ അടിയന്തരമായി അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ്ജ് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.
Comments