ന്യൂഡൽഹി: സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനം എതെന്ന് ചോദിച്ചാൽ ആദ്യം ലഭിക്കുന്ന ഉത്തരം മാരുതി എന്നായിരിക്കും. ആ ഇഷ്ടമാണ് മാരുതി സുസൂക്കിയെ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചതും. നാലുപതിറ്റാണ്ടിനിടയിൽ മാരുതി സുസൂക്കി ഇന്ത്യയിൽ വിറ്റത് 2.5 കോടി കാറുകളാണ്. 2023-ജനുവരി ഒൻപതിനാണ് ഈ ചരിത്ര നേട്ടം കമ്പനി സ്വന്തമാക്കിയത്. ഇതൊടെ ഇന്ത്യയിൽ ഏറ്റവുമധികം കാറുകൾ വിൽപ്പന നടത്തിയ കമ്പനിയെന്ന ബഹുമതി മാരുതി സുസൂക്കി
സ്വന്തമാക്കി.
1983- ലാണ് ആദ്യ വാഹനമായ മാരുതി 800- പുറത്തിറങ്ങിയത്. 50- ലക്ഷം വിൽപ്പന കൈവരിച്ചത് 2006-ലാണ്. എന്നാൽ 50- ലക്ഷത്തിൽ നിന്ന് 2.5-കോടിയിൽ എത്താൻ വെറും പതിനേഴ് വർഷം മാത്രമാണ് കമ്പനി എടുത്തത്. ഇന്ത്യൻ വാഹന വിപണിയിൽ പുത്തൻ താരങ്ങൾ രംഗപ്രവേശം ചെയ്യുന്നുണ്ട്. എന്നാൽ മാരുതി 800-ൽ തുടങ്ങിയ അതേ ഇഷ്ടം ഇന്ത്യക്കാർക്ക് ഇന്നും മാരുതിയോട് ഉണ്ട്.
2022-ൽ മാത്രം 15- ലക്ഷത്തിലധികം വാഹനങ്ങളാണ് മാരുതി സുസൂക്കി ഇന്ത്യയിൽ വിറ്റത്. 15- ശതമാനത്തിന്റെ വിൽപ്പന വളർച്ചയും കമ്പനിക്കുണ്ടായി. ആൾട്ടോ മുതൽ ബലാനോ വരെയുള്ള ചെറുകാറുകളാണ് കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്. എസ്‌യുവി വിപണിയിലും ശക്തമായ സാന്നിധ്യമുണ്ട്. സി.എൻ.ജി, ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പനയിലും നേട്ടം കൈവരിക്കാൻ കമ്പനി കഴിഞ്ഞിട്ടുണ്ട്. വളരെ ചുരുങ്ങിയ വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള 21 -ലക്ഷം വാഹനങ്ങളാണ് മാരുതി സുസൂക്കി വിറ്റഴിച്ചിരിക്കുന്നത്.
ലൈഫ് സ്‌റ്റൈൽ എസ്‌യുവിയായ ജിമ്നി, ചെറു എസ്‌യുവിയായ ഫ്രോങ്സ് എന്നിവയാണ് മാരുതി സുസൂക്കിയുടെ ഉടൻ പുറത്തിറങ്ങുന്ന മോഡലുകൾ.
Comments