ഇസ്ലാമാബാദ്: പെഷവാറിലെ ഭീകരാക്രമണത്തിൽ പ്രതിഷേധവുമായി പാക് പോലീസ്. ചാവേർ ആക്രമണത്തിൽ നിരവധി പോലീസുകാർ കൊല്ലപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിനാലാണ് പ്രതിഷേധം. പെഷവാർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന ആവശ്യമാണ് പാക് പോലീസ് മുന്നോട്ട് വയ്‌ക്കുന്നത്. നടപടി സ്വീകരിച്ചില്ലെങ്കിൽ കൂട്ടരാജി ഉണ്ടാകുമെന്നും പോലീസുകാർ മുന്നറിയിപ്പ് നൽകി.
പെഷവാറിലെ മസ്ജിദിൽ ബോംബ് സ്ഫോടനം നടത്തിയ ചാവേർ എത്തിയത് പോലീസ് വേഷത്തിൽ ആയിരുന്നു. ചാവേർ യൂണിഫോമും ഹെൽമെറ്റും ധരിച്ചെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പാക് പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂട്ട പ്രതിഷേധവുമായി പാക് പോലീസ് രംഗത്ത് എത്തിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഭീകരാക്രമണത്തിന്റെ രൂപത്തിൽ രാജ്യത്ത് വീണ്ടും ദുരിതമെത്തിയിരിക്കുന്നത്. പാകിസ്താനിൽ അധികം വൈകാതെ തന്നെ പാചക എണ്ണയും, നെയ്യും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യത്ത് പലയിടങ്ങളിലും ഇപ്പോൾ ഇവയ്‌ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും ഇതേ സ്ഥിതി തുടർന്നാൽ കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നും വ്യാപാരികൾ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയിരുന്ന പാകിസ്താനിൽ രൂപയുടെ മൂല്യം കൂടി ഇടിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ട സ്ഥിതിയിലായിയിരുന്നു. വിദേശ കറൻസിയുടെ നാമമാത്ര ശേഖരമേ ശേഷിക്കുന്നുള്ളൂ. കഷ്ടിച്ച് മൂന്ന് ആഴ്ചത്തെ ഇറക്കുമതിയ്‌ക്ക് പോലും ഇത് തികയില്ലെന്നാണ് കണക്കുകൂട്ടൽ.
















Comments