കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കസ്റ്റംസ് വകുപ്പിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് യാത്രക്കാരനിൽ നിന്ന് 27.70 ലക്ഷം രൂപ വിലമതിക്കുന്ന 543 ഗ്രാം സ്വർണം പിടികൂടിയത്. സംഭവത്തിൽ എറണാകുളം സ്വദേശി അശോകിനെ അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം. ദുബായിൽ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്ന അശോകൻ. തുടർന്ന് വിമാനത്താവളത്തിലെത്തിയ ഇയാളെ കസ്റ്റംസ് അധികൃതർ തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനിടെയാണ് അടിവസ്ത്രത്തിനുള്ളിൽ തുന്നിക്കെട്ടിയ നിലയിൽ 543 ഗ്രാം ഭാരമുള്ള സ്വർണം അടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. സ്വർണ്ണമടങ്ങിയ പാക്കറ്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.
















Comments