ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കർണാടകയിൽ ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും. ഊർജ്ജ ഉൽപാദന രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാകും ഇന്ത്യ എനർജി വീക്ക് 2023. ഫെബ്രുവരി 6 മുതൽ 8 വരെ ബെംഗളൂരുവിലാണ് പരിപാടി നടക്കുന്നത്.
“ഇന്ത്യ എനർജി വീക്കിന്റെ ഭാഗമാകാൻ ഫെബ്രുവരി 6-ന് കർണാടകയിലെ ബെംഗളുരുവിൽ എത്തും. തുടർന്ന് തുമകുരുവിലെ നിരവധി സുപ്രധാന വികസന പദ്ധതികൾക്ക് തറക്കല്ലിടും.”-പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ലോകമെമ്പാടുമുള്ള 30-ലധികം മന്ത്രിമാർ ഇന്ത്യ എനർജി വീക്കിൽ പങ്കെടുക്കും. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30,000-ലധികം പ്രതിനിധികളും 1,000 പ്രദർശകരും 500 പ്രഭാഷകരും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ സന്നിഹിതരാകും. ആഗോള എണ്ണ-വാതക കമ്പനികളുടെ സിഇഒ മാരുമായി ചടങ്ങിൽവെച്ച് പ്രധാനമന്ത്രി സംവദിക്കും.
തുടർന്ന് ഹരിത ഇന്ധനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായുള്ള വിവിധ പരിപാടികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. പ്രതിരോധ മേഖലയിലെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തുമകുരുവിലെ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറിയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. തുമകുരു ഇൻഡസ്ട്രിയൽ ടൗൺഷിപ്പിനും രണ്ട് ജൽ ജീവൻ മിഷൻ പദ്ധതികൾക്കും തറക്കല്ലിട്ടതിന് ശേഷമാകും അദ്ദേഹത്തിന്റെ ഡൽഹിയിലേക്കുള്ള മടക്കം.
Comments