ബംഗളൂരു: തുർക്കിയിലെ ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും വേദനിക്കുന്നുവെന്നും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കിയിലെ ജനങ്ങളെ പിന്തുണയ്‌ക്കുന്നതായും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാൻ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ അനുശോചനം അറിയിക്കുകയും ഇന്ത്യൻ ജനത ഭൂകമ്പബാധിതർക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് വൻ നാശം വിതച്ച ഭൂകമ്പമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 568 പേർ കൊല്ലപ്പെട്ടു. ആദ്യ ഭൂചലനത്തിന് പിന്നാലെ തുടർ പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു. പുലർച്ചെ സമയത്ത് ആളുകൾ ഉറക്കത്തിലായതിനാൽ താമസസ്ഥലങ്ങളിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലർക്കും ലഭിച്ചില്ല.
സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക് -കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇരുരാജ്യങ്ങളിലേയും നൂറുകണക്കിന് കെട്ടിടങ്ങൾ ഭൂകമ്പത്തിൽ നിലംപൊത്തി. നിരവധി പേർ ഇനിയും കുടുങ്ങി കിടക്കുന്നതായാണ് വിവരം.
















Comments