കണ്ണൂർ: കഴിഞ്ഞ ദിവസം പാനൂരിൽ മരണത്തിന് കീഴടങ്ങിയ ഷെസീനയുടെത് ആത്മഹത്യയല്ലെന്നും സർക്കാരൂം സിപിഎം ചേർന്ന് നടത്തിയ കൊലപാതകമാണെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്. കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകം നേരിൽ കണ്ട ഷെസീന അവസാന നാൾ വരെ അതിന്റെ ആഘാതത്തിൽ നിന്ന് മുക്തയായിരുന്നില്ല. ഷെസീനയെ ആത്മഹത്യയിലേക്ക് നയിച്ചത് സിപിഎം സംഘം നടത്തിയ മനുഷ്യ മനസാക്ഷി മരവിച്ച ഈ അരും കൊലയാണ്. ഇത്തരത്തിൽ മാനസികമായി തകർന്ന അന്നത്തെ 16 വിദ്യാർത്ഥികൾ കൂടി നമ്മുടെ പൊതു സമൂഹത്തിലുണ്ടെന്നും എൻ. ഹരിദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശത്രു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ പോലും ആശുപത്രികളും സ്‌കൂളുകളും അക്രമിക്കുന്ന പതിവില്ല. എന്നാൽ ഐഎസ് തീവ്രവാദികളെ പോലും നാണിപ്പിക്കുന്ന തീവ്രവാദമുഖമായ സിപിഎം സംഘം ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തിയത് ക്ലാസ്സ് മുറിയിൽ വിദ്യാർത്ഥികളുടെ മുന്നിലിട്ടാണ്. അന്ന് ജീവിതം താളം തെറ്റിയവരാണ് ഷെസീനയുൾപ്പടെയുള്ള വിദ്യാർത്ഥികൾ. എന്നാൽ സിപിഎം പാർട്ടി ഗ്രാമങ്ങളിലെ ഭീഷണിക്കകത്ത് ജീവിക്കുന്നവർ ഇത്തരത്തിലുള്ള മാനസികാഘാതത്തിന് കാരണക്കാരായ സിപിഎമ്മിനെതിരെ പരസ്യമായി സംസാരിക്കാൻ തയ്യാറായില്ലെന്നും എൻ. ഹരിദാസ് ചൂണ്ടിക്കാട്ടി.
ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തിയ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ മാന്യൻമാരായി ജീവിക്കുകയാണ്. അവരെ കൂടി നിയമത്തിന് മുന്നിലെത്തിക്കാൻ കേസിൽ തുടരന്വേഷണം നടത്തണം. സിബിഐ പോലുള്ള ഉന്നത അന്വേഷണ ഏജൻസിയെ കൊണ്ട് കേസ് അന്വഷിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും എൻ. ഹരിദാസ് ആവശ്യപ്പെട്ടു.
Comments