ചെന്നൈ: തമിഴ്നാട്ടിൽ ആർഎസ്എസ് പഥ സഞ്ചലനത്തിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ ആർ.മഹാദേവനും മുഹമ്മദ് ഷഫീഖും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. റൂട്ട് മാർച്ചിന് അനുമതി നൽകണമെന്ന് തമിഴ്‌നാട് പോലീസിന് കോടതി നിർദ്ദേശം നൽകി. കോമ്പൗണ്ടഡ് പരിസരത്ത് റൂട്ട് മാർച്ച് നിയന്ത്രിച്ചുകൊണ്ട് നേരത്തെ സിംഗിൾ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആർഎസ്എസ് കാര്യകർത്താക്കൾ നൽകിയ ഹർജിയിലാണ് പഥ സഞ്ചലനത്തിന് അനുമതി നൽകി കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ്.
തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട് പരിഗണിച്ച് ജസ്റ്റിസ് ജികെ ഇളന്തിരയ്യരാണ് ആർഎസ്എസ് പഥസഞ്ചലനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. പഥ സഞ്ചലനത്തിന് തമിഴ്നാട് പോലീസ് അനുമതി നൽകണമെന്നും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സംസ്ഥാനം തയ്യാറകണമെന്നുമാണ് മദ്രാസ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
ആർഎസ്എസിനു വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ എൻഎൽ രാജയാണ്. വിവേചനപരമായ ഉത്തരവിലൂടെ ആർഎസ്‌എസിനെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായി വാദം നടക്കവെ എൻഎൽ രാജ ചൂണ്ടിക്കാണിച്ചു. സർക്കാരിന് ഇരട്ടത്താപ്പ് സ്വീകരിക്കാനാകില്ലെന്ന് മറ്റൊരു മുതിർന്ന അഭിഭാഷകനായ ജി രാജഗോപാലനും പറഞ്ഞു. ഒരു വശത്ത്, സംസ്ഥാനം സമാധാനപരമാണെന്ന് പറയുന്നു. മറുവശത്ത്, ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആർഎസ്എസിന്റെ പഥ സഞ്ചലനത്തിന് അനുമതി നിഷേധിക്കുന്നു. സർക്കാർ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















Comments