തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് തടവിലായിരുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ. പോത്തൻകോട് സ്വദേശി ബേബിയുടെ മകൻ ബിജു(47)വാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 5.45- ന് വാർഡൻ പരിശോധനയ്‌ക്കെത്തുമ്പോൾ സെല്ലിലെ ഗ്രിൽ വാതിലിനു മുകളിൽ തോർത്തു കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലാണ് ഇയാളെ കാണപ്പെട്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും 6.20- നു മരണം സംഭവിച്ചു.
മോഷണക്കേസിലാണ് ആറ്റിങ്ങൽ പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സബ് ജയിലിൽ കഴിയുന്നതിനിടയിൽ പകർച്ചവ്യാധി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ബിജുവിനെ കഴിഞ്ഞ നവംബർ 24-ന് പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ ഐസാലേഷൻ സെല്ലിലേക്കു മാറ്റിയിരുന്നു.
ഉദരസംബന്ധമായ അസുഖങ്ങളും ഇയാൾക്കുണ്ടായിരുന്നു. മനോവിഷമമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. രോഗത്തെ പറ്റി ബിജുവിന് ആശങ്കയും വിഷമവും കുറേനാളായി ഉണ്ടായിരുന്നു.
ജാമ്യം ലഭിക്കുന്ന കുറ്റമായിരുന്നെങ്കിലും ജാമ്യം നിൽക്കാൻ ആളില്ലാത്തതിനാലാണു ജയിലിൽ കഴിയേണ്ടി വന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
















Comments