സ്ഥിരമായി സ്മാർട്ട് ഫോൺ ഉപയോഗിച്ച യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട് ഫോൺ ഉപയോഗിച്ച ഹൈദരാബാദ് സ്വദേശിനിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. രാത്രിയിൽ ഇരുട്ടുമുറിയിൽ സ്മാർട്ട് ഫോൺ നോക്കുന്നത് പതിവാക്കിയ 30-കാരിയ്‌ക്ക് സ്ഥിരമായി കാഴ്ച പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ന്യൂറോളജിസ്റ്റായ ഡോ.സുധീർ പറഞ്ഞു.
ഇടയ്‌ക്കിടെ കാഴ്ചക്കുറവ്, വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുമായാണ് യുവതി ഡോക്ടറെ സമീപിച്ചത്. വൈദ്യപരിശോധനയ്‌ക്ക് വിധേയയായപ്പോൾ സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രോം (എസ്‌വിഎസ്) കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടിൽ കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്ന ശീലമാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർ വ്യക്തമാക്കി. രാത്രിയിൽ രണ്ട് മണിക്കൂറോളം ഇരുട്ടിൽ ഫോൺ സ്‌ക്രീനിൽ നോക്കി ഇരിക്കാറുണ്ടെന്നും ദിവസേന നിരവധി മണിക്കൂറുകൾ സ്മാർട്ട്‌ഫോണിൽ ബ്രൗസ് ചെയ്യുന്ന ശീലമുണ്ടെന്നും യുവതി പറഞ്ഞു.
തുടർന്ന് യുവതിയെ പരിശോധിക്കുകയും മരുന്നുകൾ നിർദേശിക്കുകയും ചെയ്തു. ഒപ്പം ഫോണിൽ നോക്കുന്ന സമയം കുറയ്‌ക്കാനും ഡോക്ടർ ആവശ്യപ്പെട്ടു. ഒരു മാസം മരുന്ന് കഴിച്ചതിന് പിന്നാലെ യുവതി കാഴ്ച വീണ്ടെടുത്തു. കൃത്യസമയത്ത് ചികിത്സ തേടിയത് കൊണ്ടാണ് യുവതിയുടെ കാഴ്ച തിരിച്ചുകിട്ടിയതെന്നും ഡോക്ടർമാർ വ്യക്തമാക്കി. സിവിഎസ് രോഗം വന്നാൽ കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന രീതിയിലേക്ക് എത്താമെന്നും മുന്നറിയിപ്പും നൽകി. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ രോഗം ഗുരുതരമായെക്കാമെന്നും ഡോക്ടർ പറഞ്ഞു.
















Comments