തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രയേൽ സന്ദർശനത്തിന് പോകുന്ന കേരളാസംഘത്തിനൊപ്പം വകുപ്പ് മന്ത്രിയില്ല. സിപിഎമ്മും സിപിഐയും കൂടിയാലോചിച്ചാണ് കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേൽ യാത്രക്ക് വിലക്കെർപ്പെടുത്തിയത്. എന്നാൽ മന്ത്രിക്ക് മാത്രമേ യാത്രക്ക് വിലക്കുള്ളത് മന്ത്രിക്ക് പകരം പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് പഠന സംഘത്തെ നയിക്കും. ഉദ്യോഗസ്ഥരും കർഷകരും അടങ്ങുന്ന സംഘമാണ് ഇസ്രയേൽ സന്ദർശനത്തിലുള്ളത്.
കേന്ദ്ര സർക്കാർ ഇസ്രയേലിനോട് കാട്ടുന്ന അടുപ്പമാണ് പ്രധാന വിഷയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനും വർഷം മുൻപ് ഇസ്രയേൽ സന്ദർശിച്ചതിനെ സിപിഎം രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ യാത്രയിൽ ഇടതുമുന്നണി രാഷ്ട്രീയ വിലക്കുമായി എത്തിയത്.
സിപിഐ ദേശീയ കൗൺസിൽ അംഗം കൂടിയായ മന്ത്രി പ്രസാദ് സംഘത്തിന് നേതൃത്വം കൊടുക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് വിലക്കിന് വഴി വെച്ചത്. മന്ത്രിയുടെ യാത്രയുടെ ഫയൽ മാറ്റിവച്ച മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി വിഷയം സംസാരിച്ചിരുന്നു. തുടർന്നാണ് യാത്രാ വിലക്കിന് നിർദ്ദേശം നൽകിയത്. ഇസ്രയേൽ അംബാസഡറുടെ ക്ഷണത്തെ തുടർന്നാണ് യാത്രയ്ക്ക് ഒരുങ്ങിയതെന്നും രാഷ്ട്രീയ പ്രതിസന്ധിയുണ്ടെങ്കിൽ മന്ത്രിയായ താൻ മാറാമെന്നും ഉദ്യോഗസ്ഥ നേതൃത്വത്തിൽ സംഘം പോകട്ടെയെന്നും മന്ത്രി പറഞ്ഞു.
Comments