തിരുവനന്തപുരം :കടുത്ത സാമ്പത്തിക പരാധീനതകൾക്കിടയിലും കഴിഞ്ഞ ആറ് വർഷത്തിനിടെ ഏഴ് ജുഡീഷ്യൽ കമ്മീഷനുകൾക്കായി ആറ് കോടി രൂപയാണ് പിണറായി സർക്കാർ ചെലവഴിച്ചത്. 2016ൽ അധികാരത്തിലെത്തിയ ശേഷം എൽഡിഎഫ് സർക്കാർ നിയോഗിച്ച കമ്മീഷനുകളിൽ രണ്ടെണ്ണം ഇനിയും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല . നാല് വർഷത്തിനിടെ നിയമോപദേശത്തിനായി 1.5 കോടി ചിലവഴിച്ചു. ഈ കാലയളവിലെ സിഎജിയുടെ റിപ്പോർട്ടുകളിലാണ് ഈ ധൂർത്തുകൾ കണ്ടെത്തിയത്.
ഏഴ് ജുഡീഷ്യൽ കമ്മീഷനുകൾക്കായി ചെലവഴിച്ച തുക 6,011,11,66 രൂപയാണ്. ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷനായി 2,77,44,814 രൂപ ചെലവഴിച്ചു. 2016ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാനാണ് ഈ കമ്മീഷനെ നിയോഗിച്ചത്.
ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് സംസ്ഥാന പോലീസ് മേധാവി (എസ്‌പിസി) ആയിരിക്കെ പോലീസ് വകുപ്പിലെ പല ഇടപാടുകളിലും ചില അപാകതകളും മാനദണ്ഡങ്ങളുടെ ലംഘനവും നടന്നെന്ന് സിഎജി കണ്ടെത്തി. അതെതുടർന്ന് വകുപ്പിലെ ഇടപാടുകൾക്കും കരാറുകൾക്കും മാനദണ്ഡങ്ങൾ രൂപീകരിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചു. മൂന്നുവർഷമായിട്ടും 12,36,074 രൂപ ചെലവഴിച്ചിട്ടും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ആയിരുന്നു കമ്മീഷൻ അധ്യക്ഷൻ.
വിവാദമായ ജസ്റ്റിസ് സി എൻ മോഹൻ കമ്മിഷന്റെ ചിലവുകളും ഇതിൽ ഉൾപ്പെടുന്നു. 2020ലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേരളാ സർക്കാർ നിയമിച്ച ജസ്റ്റിസ് സിഎൻ മോഹൻ കമ്മിഷൻ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല, ചെലവ് 83,76,489 രൂപയാണ്. സിപിഎം നേതാക്കളെയും എൽഡിഎഫ് സർക്കാരിലെ പ്രമുഖരെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കമ്മീഷനെ നിയോഗിച്ചത്. ഇത്തരത്തിൽ ഒരു കമ്മീഷൻ ഇന്ത്യയിൽ തന്നെ ആദ്യമാണ്.
ഒരു ജില്ലാ ജഡ്ജിയുടെ പദവിയുള്ള നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ (എജി), രണ്ട് അഡീഷണൽ എജിമാർ എന്നിവരടങ്ങുന്നതാണ് സംസ്ഥാന സർക്കാരിന്റെ നിയമസംവിധാനം. ഇവരെല്ലാം ഉണ്ടായിരുന്നിട്ടും സർക്കാർ പുറത്തുനിന്നുള്ള ഏജൻസികളുടെ നിയമോപദേശത്തെ ആശ്രയിക്കുകയും അതിനായി കോടികൾ ചെലവഴിക്കുകയും ചെയ്യുന്നു. നിയമോപദേശത്തിനായി 2019നും 2022നും ഇടയിൽ 1,47,40,000 രൂപ ചെലവഴിച്ചതായി നിയമമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ വിവരത്തിൽ പറയുന്നുണ്ട്.
ഉമ്മൻചാണ്ടി സർക്കാരിനെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധ സോളാർ കേസുമായി ബ്ന്ധപ്പെട്ട നിയമോപദേശത്തിനായി സർക്കാർ ചെലവഴിച്ചത് 5.50 ലക്ഷം രൂപയാണ് .വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമോപദേശത്തിനായി സർക്കാർ 15 ലക്ഷം രൂപ ചെലവഴിച്ചു. അനൗദ്യോഗിക വിവരമനുസരിച്ച് ഇതേ ആവശ്യത്തിനായി പുറത്തുനിന്നുള്ള ഉന്നത അഭിഭാഷകരെ കൊണ്ടുവരാൻ 12 കോടി രൂപ ചെലവഴിച്ചു.
















Comments