28 വർഷങ്ങൾക്കിപ്പുറവും സ്ഫടികത്തിന് യാതൊരു വിധ കോട്ടവും തട്ടിയിട്ടില്ല! റീ റിലീസ് ചെയ്ത ‘സ്ഫടികം’ വീണ്ടും സൂപ്പർഹിറ്റിലേക്ക്. ആടുതോമയെ വലിയ സ്‌ക്രീനിൽ കാണാൻ ആരാധകരും കുടുംബപ്രേക്ഷകരും തിരക്കിട്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തിൽ മാത്രം ആദ്യ നാല് ദിവസങ്ങളിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത് മൂന്് കോടിയ്‌ക്ക് മുകളിലാണെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും കേരളത്തിൽ നിന്ന് നേടിയതിനേക്കാൾ തുകയാണ് ചിത്രത്തിന്റെ വിദേശ മാർക്കറ്റുകളിൽ നിന്നുള്ള കളക്ഷൻ എന്നാണ് വിവരം.
കേരളത്തിൽ 160 സ്‌ക്രീനുകളിലാണ് സ്ഫടികം 4 കെ റിലീസ് ചെയ്തത്. മറ്റു സംസ്ഥാനങ്ങളിൽ നൂറോളം സ്‌ക്രീനുകളിൽ, വിദേശത്ത് 40 രാജ്യങ്ങളിലായി നൂറിലേറെ സ്‌ക്രീനുകളിലും റിലീസ് ചെയ്തിട്ടുണ്ട്. 4 കെ ഡോൾബി അറ്റ്‌മോസ് ദൃശ്യ അനുഭവത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് എത്തിക്കാൻ രണ്ട് കോടിയാണ് മുടക്കെന്നാണ് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നത്.
ഘാന, നൈജീരിയ, ടാൻസാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ ആദ്യ ദിനം പ്രദർശനത്തിന് എത്തിയ ആദ്യ മലയാള ചിത്രം കൂടിയാണ് ‘സ്ഫടികം’. 1995-ൽ തിയറ്ററുകളിലെത്തിയ ചിത്രത്തിൽ മോഹൻലാൽ, തിലകൻ, നെടുമുടി വേണു, ഉർവ്വശി തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ് ഇന്നും സിനിമയുടെ വിജയം.
















Comments