ഭോപ്പാൽ: ഒരിടവേളയ്‌ക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകൾ എത്തുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഒരു ഡസൻ ചീറ്റകളെയാണ് ശനിയാഴ്ച മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിക്കുന്നത്. ഏഴ് ആൺ ചീറ്റയും അഞ്ച് പെൺ ചീറ്റയുമാണ് സംഘത്തിലുള്ളതെന്ന് വനം വകുപ്പ് അധികതർ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്നും യാത്ര തിരിക്കും. ദക്ഷിണാഫ്രിക്കയിലെ ടാംബോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഇന്ത്യൻ എയർഫോഴ്‌സിന്റെ ട്രാൻസ്പോർട്ട് വിമാനത്തിലാണ് ചീറ്റകളെ ഇന്ത്യയിലേക്ക്
എത്തിക്കുന്നത്. ഉച്ചയ്‌ക്ക് 12 മണിയോടെ കാൺപൂർ എത്തുന്ന ചീറ്റകളെ അരമണിക്കൂറിനുശേഷം ക്വാറന്റീന്‍ എന്‍ക്ലോഷറുകളിലേക്ക് മാറ്റും. ദക്ഷിണാഫ്രിക്കൻ ചീറ്റകൾക്കായി 10 ക്വാറന്റൈൻ എന്‍ക്ലോഷറുകളാണ് കുനോ നാഷണൽ പാർക്കിൽ സ്ഥാപിച്ചിരിക്കുന്നത്.
2022 ജൂലൈയിൽ ആയിരുന്നു 12 ചീറ്റകളെ കൂടി ആവശ്യപ്പെട്ട് രാജ്യം ദക്ഷിണാഫ്രിക്കയ്‌ക്ക് അപേക്ഷകത്ത് നൽകിയത്. എന്നാൽ വിവിധ കാരണങ്ങൾ കൊണ്ട് അപേക്ഷയ്‌ക്ക് അംഗീകാരം ലഭിക്കാൻ താമസിക്കുകയായിരുന്നു.
ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. ഇന്ത്യയിൽ അന്യം നിന്നു പോയ ചീറ്റയുടെ വംശത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ആക്ഷൻ പ്ലാൻ ഫോർ റീഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ. ഈ പദ്ധതി നടപ്പിലാക്കിയത് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 14-ഓളം ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. വംശനാശം സംഭവിച്ച ചീറ്റകളുടെ വംശത്തെ അഞ്ച് വർഷത്തിനുള്ളിൽ തിരികെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചീറ്റകളെ കൊണ്ടു വരുന്നതിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ അംഗീകാരം നൽകിയിട്ടുണ്ടെന്നും അവസാന ചുവടുവെയ്പ്പായി ധാരണാ പത്രം ഒരാഴ്ചയ്‌ക്കുളളിൽ തയ്യാറാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. യൂണിയൻ ഫോറസ്റ്റ് ഡയറക്ടർ ജനറൽ ചന്ദ്ര പ്രകാശ് ഗോയൽ, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി അംഗം സെക്രട്ടറി എസ് പി യാദവ്, വനം വകുപ്പ് മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാകും ചീറ്റകളെ ഇന്ത്യയിൽ എത്തിക്കുക.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ നമീബിയയിൽ നിന്നും എട്ട് ചീറ്റകളെ എത്തിച്ചിരുന്നു. അഞ്ച് പെൺപുലികളും മൂന്ന് ആൺ പുലികളുമാണ് മദ്ധ്യപ്രദേശിൽ ആദ്യമെത്തിയത്. ഇവ ഇന്ത്യയിൽ സുരക്ഷിതരായും ആരോഗ്യവാൻമാരായും കഴിഞ്ഞുവരികയാണ്. ഇതോടെയാണ് കൂടുതൽ ചീറ്റകളെ എത്തിക്കാൻ തീരുമാനിച്ചത്.1952ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഘട്ടം ഘട്ടമായി ചീറ്റകളെ രാജ്യത്തേയ്‌ക്ക് എത്തിക്കുന്നത്.
















Comments