തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ വെല്ലുവിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന കേരള സർക്കാരിന്റെ വ്യാജ വാദത്തെ ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ തുറന്നു കാണിച്ചത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വെല്ലുവിളി. ജിഎസ്‍ടി കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത് തെറ്റാണെങ്കിൽ അത് ബാലഗോപാൽ തെളിയിക്കണം. അങ്ങനെ തെളിയിച്ചാൽ കോൺഗ്രസ് കൂടെ നിൽക്കും എന്നാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം.
2017 മുതൽ എജിയുടെ സർട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്നാണ് പാർലമെന്റിൽ നിർമ്മല സീതാരാമൻ ചൂണ്ടിക്കാണിച്ചത്. കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകും. ഒരു വർഷം പോലും രേഖകൾ കൃത്യമായി സമർപ്പിക്കാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയാണ് കേരളം. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിന്റെ വിഹിതം കേരളത്തിന് കിട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രൻ ലോക്സഭയിൽ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ മറുപടി. പിന്നാലെ ഇത് വലിയ രാഷ്‌ട്രീയ വിവാദത്തിനും വഴി വച്ചു. ജിഎസ്ടി കുടിശ്ശിക വിഷയത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തത വരുത്തണമെന്ന് പ്രേമചന്ദ്രനും ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രി ഇന്നലെ വരെ പറഞ്ഞത് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്നും കിട്ടുന്നില്ല എന്നായിരുന്നു. സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഇതുതന്നെ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നതിനുശേഷം ഇത് മാറി. തെറ്റുകൾ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന ധനമന്ത്രി എന്നും എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.
Comments