ബെംഗളൂരു: കൂടുതൽ ലൈറ്റ് കോംബാറ്റ് എയർക്രാഫറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള ചർച്ച നടക്കുന്നതായി ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ചെയർമാൻ സമീർ കാമത്ത്. എയറോ ഇന്ത്യയിൽ പ്രദർശന വേദിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർ ക്രാഫറ്റുകൾ നിർമ്മിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിആർഡിഒ ചെയർമാൻ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
ഡിആർഡിഒയുടെ കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച തപസ് ഡ്രോണുകൾ എയ്റോ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. യുഎവി ആർച്ചർ മിസൈലും പ്രദർശിപ്പിച്ചിരുന്നു. ഇവ ഭാവിയിൽ സേനയ്‌ക്ക് ആയുധമായി ഉപയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആകാശ് എൻജി, വിഎസ്എച്ച്ഒആർഎഡിഎസ് തുടങ്ങി വിവിധ തരത്തിലുള്ള ഒരു കൂട്ടം പുതിയ മിസൈലുകൾ വികസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങൾ ഇന്ത്യയുമായി ചേർന്ന് മിസൈലുകൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എയ്‌റോ ഷോയിൽ 98 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, 29 രാജ്യങ്ങളിലെ വ്യോമസേന മേധാവികൾ തുടങ്ങി പ്രമുഖർ പ്രദർശനത്തിൽ സാക്ഷികളാകുന്നത്. ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ പരിപാടിയിൽ എയർക്രാഫ്റ്റ്, ഹെലികോപ്റ്ററുകൾ എന്നിവയുടെ ആകാശ പ്രദർശനവും എയ്റോസ്പേസ്, ഡിഫൻസ് കമ്പനികളുടെ പ്രദർശനവും വ്യാപാര മേളയും നടക്കുന്നുണ്ട്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പരിപാടിയുടെ 14-ാം പതിപ്പാണിത്.
Comments