ബിഗ് സ്ക്രീനിലെ മഹാവിജയത്തിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ് ‘മാളികപ്പുറം’.ഫ്രെബ്രുവരി 14 രാത്രി 12 മണി മുതൽ ‘മാളികപ്പുറം’ ഹോട്ട്സ്റ്റാറിൽ പ്രദർശനം തുടങ്ങി. തിയറ്ററുകളിലെത്തി കാണാൻ സാധിക്കാത്തവർക്കും എത്ര കണ്ടിട്ടും മതി വരാത്തവർക്കും ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ കാണാം. തിയറ്റർ എക്സ്പീരിയൻസിൽ മാത്രം ഒതുങ്ങുന്നതല്ല മാളികപ്പുറം എന്ന് തെളിയിച്ചിരിക്കുകയാണ്. സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരുന്നത്. ആവേശം ഒട്ടു ചോരാതെയാണ് ഒടിടിയിലൂടെയും മാളികപ്പുറം മനസ്സുകൾ കീഴടക്കുന്നത്.
ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു ചിത്രം. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും മാളികപ്പുറത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നടൻ അല്ലു അർജ്ജുന്റെ നിർമ്മാണ കമ്പനിയായ ഗീതാ ആർട്സ് ആണ് മാളികപ്പുറത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് തിയറ്റുകളിലേയ്‌ക്ക് എത്തിച്ചത്. രാക്ഷസൻ, വിക്രംവേദ തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകൾ ജനങ്ങളിലേയ്‌ക്ക് എത്തിച്ച ട്രൈഡന്റ് ആർട്ട്സ് ആണ് ചിത്രം തമിഴ് നാട്ടിൽ പ്രദർശിപ്പിച്ചത്.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, എഡിറ്റിംഗ്-ഷമീർ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments