ന്യൂഡൽഹി : മൈക്രോസോഫ്റ്റിന് പുറമെ ലിങ്ക്ഡ് ഇനും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. തങ്ങളുടെ റിക്രൂട്ടിംഗ് ടീമിൽ വിഭാഗത്തിൽ നിന്നാണ് ലിങ്ക്ഡ് ഇൻ ആളെക്കുറക്കുന്നത്. എത്ര പേരെ പിരിച്ചുവിടുമെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല. പുതിയ ജോലികൾ കണ്ടെത്തുന്നതിനായി തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ് ഇൻ.
വിവിധ വിഭാഗങ്ങളിൽ നിന്നായി 10,000 ജീവനക്കാരെ പുറത്താക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനരീതിയിൽ ലിങ്ക്ഡ് ഇനും തീരുമാനം അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഈ തീരുമാനം ഇന്ത്യൻ ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ലിങ്ക്ഡ് ഇന്നിന്റെ ഇന്ത്യൻ ഡിവിഷനിലെ റിക്രൂട്ട്‌മെന്റ് ഉദ്യോഗസ്ഥയായ ഉപാലി സർക്കാർ സമൂഹമാദ്ധ്യമത്തിലൂടെ ഈ വിഷയത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ലിങ്ക്ഡിനിലെ റിക്രൂട്ടിംഗ് ടീമംഗങ്ങളായ നിക്കോള സവാക്കി, എമിലി ബിയേഴ്സ് സീനിയർ റിക്രൂട്ടറായ മെലാനി ക്വാണ്ട്റ്റ് എന്നിവർ ഈ അപ്രതീക്ഷിത പിരിച്ചുവിടലിൽ നിരാശ പ്രകടിപ്പിച്ചു. 25 വർഷത്തെ കരിയറിൽ ജോലി നഷ്ടപ്പെട്ടിട്ടില്ലന്നും, പിരിച്ചു വിടലിൽ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളിൽ സംതൃപ്തയല്ലെന്നും മെലാനി ക്വാണ്ട്റ്റ്അറിയിച്ചു. മൈക്രോസോഫ്റ്റിനും ലിങ്ക്ഡ് ഇനും പുറമെ വൻകിട കമ്പനികളായ ഗൂഗിൾ മെറ്റാ ആമസോൺ എന്നിവ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ കഴിഞ്ഞ രണ്ടു മാസത്തിനിടെ പിരിച്ചയച്ചു. സാമ്പത്തിക മാന്ദ്യം തുടരുകയാണെങ്കിൽ കൂടുതൽ കമ്പനികൾ പിരിച്ചുവിടലിനൊരുങ്ങുമെന്ന ഭയത്തിലാണ് വ്യാവസായിക മേഖല.
Comments