ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പങ്കാളികളാകുന്ന സ്ത്രീകളുടെ കാര്യത്തിൽ നിർണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. ഒരു വ്യക്തിയെ ലൈംഗികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി സഹായം നൽകുന്ന സ്ത്രീയുടെ പേരിലും ബലാത്സംഗ കുറ്റം ചുമത്താമെന്ന് അലഹബാദ് കോടതി വ്യക്തമാക്കി. ലൈംഗിക പീഡനത്തിന് വേണ്ടി കൂട്ടുനിൽക്കുന്ന സ്ത്രീക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുക്കാമെന്നാണ് കോടതി നിരീക്ഷണം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ഡി പ്രകാരമാണ് കേസെടുക്കേണ്ടതെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കി. 2013ൽ ഭേദഗതി ചെയ്ത ബലാത്സംഗ കുറ്റവുമായി ബന്ധപ്പെട്ട ഐ.പി.സി സെക്ഷൻ 375 (ബലാത്സംഗം), 376 (കൂട്ടബലാത്സംഗം) വകുപ്പുകൾ വിശദീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയായ സിദ്ധാർത്ഥ് നഗർ പുറപ്പെടുവിച്ച സമൻസ് ഉത്തരവ് ചോദ്യം ചെയ്ത് സുനിത പാണ്ഡെ എന്ന സ്ത്രീ സെക്ഷൻ 482 പ്രകാരം സമർപ്പിച്ച അപേക്ഷ തള്ളിയാണ് കോടതി നിർണായക ഉത്തരവിട്ടത്. 15 വയസുകാരിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട കേസായിരുന്നു ഉത്തരവിനാധാരം.
ആരോപണവിധേയയായ ഒരു സ്ത്രീയെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന ഹർജി ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവ് തള്ളിക്കളഞ്ഞു. 15 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ഐപിസി 376 ഡി (കൂട്ടബലാത്സംഗം), 212 (കുറ്റവാളിയെ സംരക്ഷിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം ആരോപണവിധേയയായ സ്ത്രീ വിചാരണ നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരു സ്ത്രീക്ക് ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്നത് ശരിയാണ്, എന്നാൽ ബലാത്സംഗത്തിന് കൂട്ടുനിന്നാൽ, ഭേദഗതി ചെയ്ത വ്യവസ്ഥകൾ പ്രകാരം സ്ത്രീയെയും കൂട്ടബലാത്സംഗക്കേസിൽ വിചാരണ ചെയ്യാമെന്ന് സുനിത പാണ്ഡെയുടെ ഹർജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
2015 ജൂണിലാണ് ഉത്തരവിനാസ്പദമായ സംഭവം നടന്നത്. കുറ്റപത്രത്തിൽ സ്ത്രീയുടെ പേര് പോലീസ് പരാമർശിച്ചിട്ടില്ലെങ്കിലും കേസിന്റെ വിചാരണ വേളയിൽ പീഡനത്തിന് വിധേയയായ പെൺകുട്ടി സ്ത്രീയുടെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ത്രീയ്‌ക്ക് കീഴ്‌ക്കോടതി സമൻസ് അയച്ചത്.
















Comments