ന്യൂഡൽഹി : എയർ ഇന്ത്യ-എയർ ബസ് പങ്കാളിത്തം വ്യോമയാന മേഖലയിലെ ഇന്ത്യയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പങ്കാളിത്തം ആരംഭിക്കുന്നതിൽ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനോട് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സുപ്രധാന കരാർ ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ദൃഢമാക്കും. കൂടാതെ ഇത് സിവിൽ ഏവിയേഷൻ മേഖലയിലെ ഇന്ത്യയൂടെ പ്രതീക്ഷയുടെ പ്രതിഫലനം കൂടിയാണെന്ന് അദ്ദേഹം പരാമർശിച്ചു.
സിവിൽ ഏവിയേഷൻ മേഖല ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന ഘടകമാണ്. ഇത് ശക്തിപ്പെടുന്നത് വഴി ഇന്ത്യയുടെ ദേശീയ അടിസ്ഥാന സൗകര്യവും വികസിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എയർ ബസിൽ നിന്ന് 250 വിമാനങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ധാരണാപത്രം ഒപ്പിട്ടത്. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കരാറിനാണ് ടാറ്റാ ഗ്രൂപ്പ് തുടക്കമിട്ടത്.
കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 74-ൽ നിന്നും 147 -ആയി വർധിച്ചു. ഉഡാൻ എന്ന പ്രാദേശിക എയർ കണക്ടിവിറ്റി പദ്ധതിയിലൂടെ വിദൂര പ്രദേശങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു. ഇത് വഴി വരും കാലങ്ങളിൽ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഓൺലൈൻ മുഖേനയാണ് അനാച്ഛാദനത്തിൽ പങ്കെടുത്തത്.
Comments