പുതിയ ട്വിറ്റർ സിഇഒയുടെ പേര് വെളിപ്പെടുത്തി ഇലോൺ മസ്‌ക്. ഷിബ ഇനു വിഭാഗത്തിൽപ്പെട്ട ഫ്‌ളോക്കി എന്ന വളർത്തു നായയെയാണ് സിഇഒ ചെയറിൽ ഇരുത്തി മസ്‌ക് പരിചയപ്പെടുത്തിയത്. ട്വിറ്ററിന്റെ പുതിയ സിഇഒ മികച്ചതാണെന്ന അടിക്കുറിപ്പോടെയായിരുന്നു മസ്‌കിന്റെ ട്വീറ്റ്. സിഇഒ എന്നെഴുതിയ ട്വിറ്ററിന്റെ ബ്രാൻഡഡ് കറുത്ത ടി-ഷർട്ട് ധരിച്ചാണ് ഫ്‌ളോക്കി ഇരിക്കുന്നത്. കൈകാലുകളുടെ അടയാളത്തോടുകൂടിയ രണ്ട് രേഖകളും മേശപ്പുറത്തുണ്ട്. കൂടാതെ ട്വിറ്റർ ലോഗോയോടുകൂടിയ ചെറിയ ലാപ്‌ടോപും ചിത്രത്തിൽ കാണാം.
സിഇഒ പ്രഖ്യാപനത്തെക്കുറിച്ച് മൂന്ന് ട്വീറ്റുകളാണ് മസ്‌ക് പങ്കുവച്ചത്. ആദ്യ ട്വീറ്റിൽ മസ്‌ക് കുറിച്ചത് ട്വിറ്ററിന്റെ പുതിയ സിഇഒ മികച്ചവനാണ് എന്നായിരുന്നു. രണ്ടാമത്തേതിൽ മറ്റുള്ളവരേക്കാൾ മികച്ചവനാണ് ഫ്‌ളോക്കി എന്നർത്ഥം വരുന്ന തരത്തിൽ ട്വീറ്റ് ചെയ്തു. മുൻ സിഇഒ പരാഗ് അഗർവാളിനെ പരോക്ഷമായി വിമർശിക്കുന്ന തരത്തിലായിരുന്നു ട്വീറ്റ്. മൂന്നാമത്തെ ട്വീറ്റിൽ ഫ്‌ളോക്കിയുടെ സ്‌റ്റൈലിനെ സംബന്ധിച്ചും ട്വീറ്റ് ചെയ്തു.
പോസ്റ്റുകൾ ട്വിറ്ററിൽ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ഫ്‌ളോക്കി മാത്രമേ ജോലി ഏറ്റെടുക്കാൻ ഭ്രാന്ത് കാണിക്കുകയുള്ളുവെന്ന് ഉപയോക്താക്കളിൽ ഒരാൾ കമന്റ് ചെയ്തു. 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പരാഗ് അഗർവാൾ ഉൾപ്പടെ നിരവധി ജീവനക്കാരെ പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
















Comments