റാഞ്ചി: മഹാശിവരാത്രി ഒരുക്കങ്ങളെ ചൊല്ലി ഝാർഖണ്ഡിലെ പലാമുവിൽ വർഗീയ സംഘർഷം. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സ്ഥലത്തെത്തിയ സൈന്യത്തിന് നേരെ കല്ലേറുണ്ടായി. ഇതേത്തുടർന്ന് പലാമുവിലെ പങ്കി ടൗണിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മഹാശിവരാത്രിക്ക് മുന്നോടിയായി അലങ്കാരങ്ങൾ വെച്ചതിന്റെ പേരിലാണ് സംഘർഷം തുടങ്ങിയത്. പലാമുവിലെ മസ്ജിദ് ചൗക്കിൽ നിന്ന് 200 മീറ്റർ അകലെയുള്ള പ്രദേശമാണ് അക്രമത്തിന്റെ പ്രഭവകേന്ദ്രം. സംഘർഷത്തിൽ ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ ജനക്കൂട്ടം നശിപ്പിക്കുന്നതും കല്ലെറിയുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം മേഖലയിലെ ചില വീടുകൾക്ക് തീയിട്ടതായും പോലീസ് അറിയിച്ചു.
ആളുകൾ ഇഷ്ടികയും ലാത്തിയും ഉപയോഗിച്ച് ആക്രമിച്ചതോടെ സംഘർഷാവസ്ഥ രൂക്ഷമായി. ഇതിനിടെ, മഹാശിവരാത്രിക്ക് മുന്നോടിയായി സ്ഥാപിച്ച സ്വാഗത ബോർഡും അക്രമികൾ കേടുവരുത്തിയിരുന്നു.
അക്രമികളിൽ ചിലരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 25ഓളം വരുന്ന വിദ്യാർത്ഥികൾ പ്രദേശത്തെ സ്കൂളിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
Comments