റാഞ്ചി : മഹാശിവരാത്രി ഒരുക്കങ്ങളെ ചൊല്ലി ഝാർഖണ്ഡിലെ പലാമുവിൽ ഉണ്ടായ വർഗീയ സംഘർഷം നിയന്ത്രണവിധേയം. നിരോധനാഞ്ജ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സംഘത്തിന്റെ രാത്രികാല പെട്രോളിംഗ് കർശനമാക്കിയിരിക്കുകയാണ്. അതിനാൽ സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും പാലമു ജഡ്ജി പ്രശാന്ത് കുമാർ അറിയിച്ചു. സമാധാനവും സാഹോദര്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ പ്രശാന്ത് കുമാർ പറഞ്ഞു.
144 പ്രഖ്യാപിച്ചതോടെ 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ഐജി രാജ്കുമാർ ലക്ര അറിയിച്ചു.
ഝാർഖണ്ഡിലെ പലാമുവിൽ വരാനിരിക്കുന്ന മഹാശിവരാത്രി ദിനത്തിൽ ഒരു പള്ളിക്ക് മുന്നിൽ പ്രവേശന കവാടം സ്ഥാപിക്കുന്നതിന്റെ പേരിലാണ് സംഘർഷം തുടങ്ങിയത്. പലാമുവിലെ മസ്ജിദ് ചൗക്കിൽ നിന്ന് 200 മീറ്റർ അകലെയുള്ള പ്രദേശമാണ് അക്രമത്തിന്റെ പ്രഭവകേന്ദ്രം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ ജനക്കൂട്ടം നശിപ്പിക്കുന്നതും കല്ലെറിയുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം മേഖലയിലെ ചില വീടുകൾക്ക് തീയിട്ടതായും പോലീസ് അറിയിച്ചു.
ജനങ്ങൾ ചേരിതിരിഞ്ഞ് ഇഷ്ടികയും ലാത്തിയും ഉപയോഗിച്ച് അക്രമം തുടങ്ങിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂക്ഷമായി. ഇതിനിടെ, മഹാശിവരാത്രിക്ക് മുന്നോടിയായി സ്ഥാപിച്ച സ്വാഗത ബോർഡും അക്രമികൾ നശിപ്പിച്ചു.
സ്ഥലത്തെത്തിയ സൈന്യത്തിന് നേരെ കല്ലേറുണ്ടായി. ഇതേത്തുടർന്നാണ് പലാമുവിലെ പങ്കി ടൗണിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമികളിൽ ചിലരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
Comments