തിരുവനന്തപുരം: എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരണമെന്ന് സ്വപ്നയ്‌ക്ക് ശിവശങ്കർ പറഞ്ഞു കൊടുത്തു. സർക്കാരിന് റെഡ് ക്രസന്റ് നൽകേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കർ തന്നെ നൽകി. 2019 സെപ്റ്റംബറിലാണ് ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള ഈ വാട്സ്ആപ്പ് ചാറ്റ് നടന്നത്. കോൺസുലേറ്റിന്റെ കത്തുകൂടി ചേർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും നിർദ്ദേശിച്ചു.
ഇരു കത്തുകളും തയ്യാറാക്കി തനിക്ക് കൈമാറാൻ ശിവശങ്കർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്‌ക്ക് നിർദ്ദേശം നൽകുന്നുണ്ട്. ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സിബിഐയും ഈ ചാറ്റിനെ വിലയിരുത്തുന്നത്.
ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ നിന്നാണ് നിർണായക വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. ശിവശങ്കർ പറഞ്ഞിട്ടാണ് താൻ തന്റെയും സ്വപ്നയുടെയും പേരിൽ ലോക്കർ തുറന്നതെന്നും വേണുഗോപാൽ പറയുന്നു.
Comments