തൃശൂർ: പ്രണയം രണ്ട് മനസുകൾ തമ്മിലാണ് എന്ന് മലയാളികളെ തങ്ങളുടെ ജീവിതം കൊണ്ട് പഠിപ്പിച്ചവരാണ് പ്രണവും ഷഹാനയും. സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ ഈ പ്രണയ ജോഡികൾ മലയാളികളുടെ ഹൃദയം കവർന്നിരുന്നു. ഇപ്പോൾ ഷഹാനയെ തനിച്ചാക്കി മടങ്ങിയിരിക്കുകയാണ് പ്രണവ്. തൃശൂർ കണ്ണിക്കര സ്വദേശിയായ പ്രണവ് (31) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനാകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. 2022 മാർച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാദ്ധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിത സഖിയായത്.
വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ് പ്രണവിന്റെ ശരീരം മുഴുവൻ തളർന്നു പോയിരുന്നു. എന്നാൽ, സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ധാരാളം പേർക്ക് പ്രചോദനമായിരുന്നു അദ്ദേഹം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ പ്രണവ് സജീവമായിരുന്നു. ജീവിത സഖിയായി ഷഹാന എത്തിയതോടെയാണ് പ്രണവ് ശ്രദ്ധ പിടിച്ചുപ്പറ്റുന്നത്. ഇരുവരുടെ പ്രണയം മലയാളികൾക്കിടയിൽ വലിയ സന്ദേശം നൽകിയിരുന്നു. മണപ്പറമ്പിൽ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ് പ്രണവ്.
Comments