ഇന്ത്യയിലെ ട്വിറ്റർ ഓഫീസ് അടച്ചുപൂട്ടി ഇലോൺ മസ്‌ക്. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം. ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണമാണ് അടച്ചു പൂട്ടിയത്. കഴിഞ്ഞ വർഷം ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഓഫീസുകൾ അടച്ചുപൂട്ടുന്ന തീരുമാനം ട്വിറ്റർ കൈക്കൊണ്ടിരിക്കുന്നത്.
ഡൽഹിയിലെ ഓഫീസിനു പുറമെ മുംബൈയിലെ ട്വിറ്റർ ഓഫീസാണ് അടച്ചുപൂട്ടിയത്. നിലവിൽ ബെംഗളൂരുവിലെ ഓഫീസിൽ മാത്രമാണ് പ്രവർത്തനം. ഇവിടെ പ്രവർത്തിക്കുന്ന ജീവനക്കാരിൽ അധികവും എഞ്ചിനീയർമാരാണ്. ഇന്ത്യയിൽ ഏകദേശം 200-അധികം ജീവനക്കാരാണ് ട്വിറ്ററിനുള്ളത്. ഇതിൽ 90 ശതമാനം ആളുകളെയും മസ്‌ക് നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ കൂട്ട പിരിച്ചുവിടൽ നടത്തുന്നതും ഓഫീസ് അടച്ചു പൂട്ടുന്നതും ഇന്ത്യയിൽ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ട്വിറ്റർ ഓഫീസുകൾ ഇതിനോടകം പൂട്ടിച്ച മസ്‌ക് നിരവധി ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്.
മസ്‌ക് ജീവനക്കാരെ പിരിച്ചുവിട്ടതുമുതൽ ട്വിറ്ററിന്റെ പ്രവർത്തനം സുതാര്യമാക്കാൻ പ്രയാസപ്പെടുകയാണ്. ഈ വർഷം അവസാനത്തോടെ മാത്രമേ തനിക്ക് കമ്പനിയെ സുസ്ഥിരമാക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സാധിക്കുവെന്ന് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ട്വിറ്റർ പാപ്പരാകാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പരസ്യ ദാതാക്കളുടെ കുറവും ട്വിറ്ററിന്റെ വരുമാനത്തിൽ ഇടിവുണ്ടാക്കിയെന്നാണ് വിലയിരുത്തൽ
Comments