ന്യൂഡൽഹി : നൂറ് കണക്കിന് കരാർ ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ. മൂന്നാം കക്ഷി ഏജൻസികളിൽ നിന്ന് വന്ന കോൺട്രാക്ടർ ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് പ്രാഥമിക വിവരം.
15 മാസം വരെ കമ്പനിയുമായി കരാറുള്ള ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്. കരാർ കാലാവധി കഴിയാൻ കാത്തു നിൽക്കുന്നില്ലെന്നും പൂർണ്ണമായും നിയമനത്തിൽ നിന്നും ഒഴിവാക്കുകയാണെന്നും കമ്പനി അറിയിക്കുകയായിരുന്നു. ജീവനക്കാർക്ക് ജോലി നഷ്ടപ്പെടില്ല എന്ന ഉറപ്പ് നൽകിയാണ് കമ്പനി ഇവരെ നിയമിച്ചിരുന്നത്. അതിനാൽ കരാർ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി.
കരാറുകാരെ ആപ്പിൾ തങ്ങളുടെ ജീവനക്കാരായി കണക്കാക്കുന്നില്ലെന്നും അതിനാൽ ഇത് പിരിച്ചുവിടലായി കാണാനാവില്ലെന്നുമാണ് കമ്പനിയുടെ വാദം. നിലവിൽ ആപ്പിളിന് എത്ര കരാർ തൊഴിലാളികളാണ് ഉള്ളത് എന്നത് സംബന്ധിച്ച് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാൽ ആയിരക്കണക്കിന് ജീവനക്കാരാണ് കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതെന്നാണ് സൂചന.
സമാനരീതിയൽ ഗൂഗിൾ 12,000 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കൂടാതെ മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ എന്നീ ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടൽ നടത്തിയതിന് പിന്നാലെയാണ് ആപ്പിളിലെ പിരിച്ചു വിടലും പുറത്തറിയുന്നത്.
Comments