കണ്ണിൽ ലെൻസ് വയ്‌ക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ദിവസവും ലെൻസ് ഉപയോഗിക്കുന്നവർ, പ്രത്യേക ദിവസങ്ങളിലും ചടങ്ങുകളിലും മാത്രം ധരിക്കുന്നവർ എന്നിങ്ങനെ വ്യത്യസ്ത തരത്തിൽ ലെൻസ് വയ്‌ക്കുന്നവരുണ്ട്. എങ്ങനെയൊക്കെ വച്ചാലും രാത്രി ഉറങ്ങാൻ നേരം അവ എടുത്ത് മാറ്റുന്നതാണ് രീതി. കണ്ണിന്റെയും ലെൻസിന്റെയും സുരക്ഷയ്‌ക്ക് വേണ്ടിയാണിത്. എന്നാൽ ഒരു രാത്രി കിടന്നുറങ്ങാൻ നേരം ലെൻസ് ഊരിവയ്‌ക്കാതിരുന്നാൽ എന്ത് സംഭവിക്കും..?
ഇക്കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കോൺടാക്ട് ലെൻസ് കണ്ണിൽ വച്ച് ഉറങ്ങിപോയ യുവാവിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. 21-കാരനായ ഫ്‌ളോറിഡ സ്വദേശിക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന പാർട്ട് – ടൈം ജോലി ചെയ്യുന്ന മൈക്ക് ക്രുംഹോൾസ് അന്നേദിവസം ഏറെ ക്ഷീണിതനായിരുന്നു. വീട്ടിലെത്തി കിടക്ക കണ്ടതും മൈക്ക് ഒറ്റ കിടത്തം കിടന്നു. നല്ലതുപോലെ ഉറങ്ങുകയും ചെയ്തു.
കഴിഞ്ഞ ഏഴ് വർഷമായി കോൺടാക്ട് ലെൻസ് വയ്‌ക്കുന്നയാളാണ് മൈക്ക്. പെട്ടെന്നൊരു ദിവസം ലെൻസ് കണ്ണിൽ വച്ച് ഉറങ്ങി പോയപ്പോൾ എന്തോ പന്തികേട് സംഭവിച്ചതായി അദ്ദേഹത്തിന് തോന്നി. കണ്ണിനുള്ളിൽ ലെൻസ് കിടന്ന് ഒഴുകുന്ന പ്രതീതി വന്നതോടെ അവ എടുത്ത് മാറ്റി. രാവിലെയായപ്പോൾ നേത്ര വിദഗ്ധനെ കാണുകയും ചെയ്തു. കണ്ണ് പരിശോധിച്ച ഡോക്ടർക്കും അപകടം മണത്തു. മൈക്കിന്റെ കണ്ണിന് ഹെൽപെസ് സിംപ്ലക്‌സ് വൈറസ് ബാധിച്ചതായി കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തു. എന്നാൽ യുവാവിന്റെ അവസ്ഥ വീണ്ടും വഷളായി.
പിന്നീട് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന സത്യം ഡോക്ടർമാർ തിരിച്ചറിഞ്ഞത്. മൈക്കിന്റെ കണ്ണിൽ മാംസം തിന്നുന്ന പാരസൈറ്റുകൾ നിലയുറപ്പിച്ചിരുന്നു. അവ മൈക്കിന്റെ വലതുകണ്ണിനെ പൂർണമായും അകത്താക്കാനും ആരംഭിച്ചു. തുടർന്ന് മൈക്കിന് വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. നേത്രദാന ശസ്ത്രക്രിയയ്‌ക്ക് വിധേയനാകാൻ സാധിച്ചാൽ വലതുകണ്ണിന് അൽപമെങ്കിലും കാഴ്ച തിരികെ ലഭിച്ചേക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനിടെ ലെൻസ് ഉപയോഗിക്കുന്നവരെ ബോധവത്കരണം നടത്തുകയാണ് മൈക്ക്.
















Comments