ന്യൂഡൽഹി: പുരാതനമായ ധാരാളം ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായ ഈ ക്ഷേത്രങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം..
കേദാർനാഥ് ക്ഷേത്രം
ജ്യോതിർലിഗ രൂപത്തിൽ ശിവനെ ആരാധിക്കുന്ന ഭാരതത്തിലെ 12 ശിവ ക്ഷേത്രങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്ക് സമീപം ഗർവാൾ ഹിമാലയൻ പർവതനിരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും കാരണം നവംബർ-മാർച്ച് മാസങ്ങളിൽ ക്ഷേത്രം അടച്ചിരിക്കും.
സോമനാഥ ക്ഷേത്രം
ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന സോമനാഥ ക്ഷേത്രം 12 ജ്യോതിർലിംഗങ്ങളിൽ ഏറ്റവും ആദ്യത്തേത്താണ്. സോമനാഥ് എന്ന വാക്കിന്റെ അർത്ഥം ചന്ദ്രന്റെ പ്രഭു അല്ലെങ്കിൽ നാഥൻ എന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം മതതീവ്രവാദികളാൽ പലതവണ ആക്രമിക്കപ്പെടുകയും പിന്നീട് പുനർനിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
അമർനാഥ് ക്ഷേത്രം
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമർനാഥ് ക്ഷേത്രം മഞ്ഞിന്റെ സ്വാഭാവിക ഘടനയിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്.എല്ലാ വർഷവും മഹാ ശിവരാത്രിയോടനുബന്ധിച്ച് ധാരാളം ഭക്തർ അനുഗ്രഹത്തിനായി ഇവിടെ എത്തിച്ചേരാറുണ്ട്.
ബൃഹദീശ്വര ക്ഷേത്രം
തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് അതി പുരാതനമായ ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1000 വർഷത്തിലധികം പഴക്കവും 216 അടി ഉയരമുള്ള ഗോപുരവും ഈ ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. പെരുവടയാർ കോവിൽ എന്നും തഞ്ചൈ പെരിയ കോവിൽ എന്നും ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
മഹാകാലേശ്വര ക്ഷേത്രം
എല്ലാ ദിവസവും പ്രസിദ്ധമായ ഭസ്മ ആരതി നടക്കുന്ന ജ്യോതിർലിംഗ ക്ഷേത്രമാണ് മഹാകാലേശ്വര ക്ഷേത്രം. ഉജ്ജൈനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമയത്തിന്റെയും മരണത്തിന്റെയും ദേവനെന്ന് വിശേഷിപ്പിക്കുന്ന പരമശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. സമയം, മരണം എന്നീ രണ്ടുവാക്കുകൾ അർത്ഥമാക്കുന്ന പദത്തിൽ നിന്നാണ് ഇവിടുത്തെ പ്രതിഷ്ഠ മഹാകാലേശ്വർ എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
Comments