ന്യൂഡൽഹി : മഹാശിവരാത്രി പ്രമാണിച്ച് രാജ്യത്തെ ശിവക്ഷേത്രങ്ങൾ ഭക്തി സാന്ദ്രം. വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രം മുതൽ ഒഡീഷയിലെ ഭുവനേശ്വർ ശ്രീ ലിംഗരാജ ക്ഷേത്രം വരെ ഭക്തജന തിരക്കിൽ വൻ വർദ്ധനവാണുള്ളത്. പുലർച്ചെ മുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ശിവക്ഷേത്രങ്ങളിലേക്ക് ഭക്തർ ഒഴുകുകയാണ്.
കാശി വിശ്വനാഥ ക്ഷേത്രത്തിലും ഇന്ന് രാവിലെ ‘ഭസ്മ ആരതി’ നടന്നു. മഹാരാഷ്‌ട്രയിലെ ബാബുൽനാഥ് ക്ഷേത്രത്തിലും വലിയ ഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്.
‘മഹാശിവരാത്രി ദിനത്തിൽ പരമേശ്വരന്റെ അനുഗ്രഹം വാങ്ങാൻ ഞങ്ങൾ ഇവിടെയെത്തി. എല്ലാ വർഷവും തടസ്സമില്ലാതെ ഭഗവാൻ ശങ്കരന്റെ അരികിലെത്താൻ എനിക്ക് സാധിക്കുന്നുണ്ട്’. വാരണാസിയിലെത്തിയ ഒരു ഭക്തൻ പറഞ്ഞു. ‘മഹാശിവരാത്രിയിൽ ഭഗവാൻ ലിംഗരൂപത്തിൽ ഭക്തർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നു. ഞങ്ങൾ അദ്ദേഹത്തെ തേടിവന്ന് ആരാധിക്കുന്നു’.ബാബുൽനാഥ് ക്ഷേത്രത്തിലെ സന്ദർശകൻ പറഞ്ഞു.
ഒഡീഷയിലെ ഭുവനേശ്വറിലെ 1,100 വർഷം പഴക്കമുള്ള ശ്രീ ലിംഗരാജ ക്ഷേത്രം അനേകം വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് . ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്ന ഏറ്റവും മഹത്തായ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. ഈ ദിവസം രാജ്യത്തിന്റെ എല്ലാ ശിവക്ഷേത്രങ്ങളിലും ശിവരാത്രി മഹോത്സവം വിപുലമായാണ് നടത്തുന്നത്. ശിവന്റെ മഹത്തായ രാത്രി എന്നർഥമുള്ള മഹാരാത്രി ദിനത്തിൽ പരമേശ്വരൻ താണ്ഡവം നടത്തുന്നു എന്ന വിശ്വാസത്തോടെയാണ് ഭക്തർ ശിവരാത്രി ദിനം ആഘോഷിക്കുന്നത്. ശിവരാത്രി ഉത്സവങ്ങൾ ശിവന്റെയും ശക്തിയുടെയും സംഗമത്തെ അടയാളപ്പെടുത്തുന്നു. ശിവ-ശക്തിയുടെ സ്നേഹത്തിന്റെയും ഒരുമയുടെയുംപ്രതീകമായാണ് ഓരോ ശിവരാത്രിയും കണക്കാക്കപ്പെടുന്നത്.
ഒഡീഷയിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ, പുരിയിലെ ലോക്‌നാഥ് ക്ഷേത്രം, ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രം, കട്ടക്കിലെ ധബലേശ്വർ ക്ഷേത്രം, ധേങ്കനാലിലെ കപിലേശ്വർ ക്ഷേത്രം, ബാലസോറിലെ പഞ്ചലിംഗേശ്വർ ക്ഷേത്രം, ഭദ്രകിലെ ബാബ അഖണ്ഡലമണി ക്ഷേത്രം, നയാഗഢിലെ ലഡുകേശ്വർ ക്ഷേത്രം, കാരാപുട്ടിലെ ഗുപ്തേശ്വർ ക്ഷേത്രം തുടങ്ങീ ഏകദേശം ആയിരം വർഷം പഴക്കമുള്ള വിവിധ ക്ഷേത്രങ്ങളിലേക്ക് ലക്ഷക്കണക്കിന് ഭക്തരാണ് ശിവരാത്രി ദിനത്തിൽ എത്തുന്നത്.
















Comments