മുംബൈ: യഥാർത്ഥ ശിവസേനയ്‌ക്കായുള്ള പോരാട്ടത്തിൽ പൊരുതി തോറ്റ്, തളർന്നിരിക്കുന്ന ഉദ്ധവിന് ആശ്വാസ വാക്കുകളുമായി ശരദ് പവാർ. കിട്ടിയതുകൊണ്ട് തൃപ്തിയടഞ്ഞ് മുന്നോട്ട് പോവാനാണ് എൻസിപി നേതാവിന്റെ നിർദേശം. ഏകനാഥ് ഷിൻഡെ പക്ഷത്തെ യഥാർത്ഥ ശിവസേനയായി പ്രഖ്യാപിക്കുകയും പാർട്ടി ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെയാണിത്.
കമ്മീഷന്റെ തീരുമാനം അംഗീകരിച്ച് പുതിയ പാർട്ടി ചിഹ്നം സ്വീകരിക്കണമെന്ന് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ്. അത് അന്തിമവുമാണ്. അതിന്മേൽ ഇനി ചർച്ച വയ്‌ക്കേണ്ട ആവശ്യമില്ല. അംഗീകരിച്ചുകൊണ്ട് പുതിയ ചിഹ്നം സ്വീകരിക്കുക. ശിവസേനയുടെ ചിഹ്നം കിട്ടാതെ പോയത് വലിയൊരു നഷ്ടമായി കണക്കാക്കേണ്ടതില്ല. ഫലത്തിൽ വലിയ മാറ്റമൊന്നും അത് വരുത്താൻ പോകുന്നില്ല. പുതിയ ചിഹ്നം ജനങ്ങൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്നും ശരദ് പവാർ നിർദേശിച്ചു.
ഇത്തരമൊരു സാഹചര്യത്തിലൂടെ പണ്ട് ഇന്ദിരാഗാന്ധിയും കടന്നുപോയിട്ടുണ്ട്. നുകം വച്ച രണ്ട് കാളകളായിരുന്നു കോൺഗ്രസ് ചിഹ്നമായി ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് നഷ്ടപ്പെടുകയും കൈപ്പത്തി സ്വീകരിക്കേണ്ടി വരികയും ചെയ്തു. പുതിയ ചിഹ്നം ജനങ്ങൾ അംഗീകരിച്ചു. അതുപോലെ ഉദ്ധവ് പക്ഷത്തിന്റെ പുതിയ ചിഹ്നം ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് ശരദ് പവാർ ആശ്വസിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക പ്രഖ്യാപനമുണ്ടായത്. ഇതോടെ മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പരിസമാപ്തിയാവുകയും ചെയ്തു. ബാൽസാഹേബ് താക്കറെയുടെ ആദർശങ്ങൾ പിന്തുടരുന്ന ശിവസേനയായി ഷിൻഡെ പക്ഷത്തെ പ്രഖ്യാപിക്കുകയും ചിഹ്നം നൽകുകയും ചെയ്തു. ഇതോടെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയാവുകയായിരുന്നു.
Comments