ചെന്നൈ: രാഷ്‌ട്രപതി ദ്രൗപദി മുർമു മധുരയിലെത്തി. കോയമ്പത്തൂരിൽ ഇഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മഹാശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കും. ദ്വിദിന സന്ദർശനത്തിനായി തമിഴ്‌നാട്ടിലെത്തിയ രാഷ്‌ട്രപതിയെ ഗവർണർ ആർ എൻ രവി മധുര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
സന്യാസിമാരുടെയും മഹാത്മാക്കളുടെയും ജ്ഞാനികളുടെയും കവികളുടെയും ആത്മീയ ഭൂമിയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഗവർണർ ആർ എൻ രവി സ്വാഗതം ചെയ്യുന്നുവെന്ന് തമിഴ്നാട് രാജ്ഭവൻ ട്വീറ്റ് ചെയ്തു.
സന്ദർശനത്തിനോടനുബന്ധിച്ച് മധുര മീനാക്ഷി ക്ഷേത്രത്തിൽ രാഷ്‌ട്രപതി ദർശനം നടത്തും. ക്ഷേത്ര ദർശനത്തിന് ശേഷം രാഷ്‌ട്രപതി അന്നദാന ചടങ്ങുകളിലും പങ്കെടുക്കും. നാളെ വെല്ലിംഗ് ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ് സന്ദർശിക്കുന്ന രാഷ്‌ട്രപതി, 78-ാമത് സ്റ്റാഫ് കോഴ്‌സിലെ അംഗങ്ങളെ അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി സംസ്ഥാന പോലീസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.
















Comments