മുംബൈ: യഥാർത്ഥ ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗമാണെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. “ഞങ്ങളുടെ പാർട്ടിയുടെ പേരും ചിഹ്നവും കവർന്നെടുത്തു. പക്ഷെ ഒന്നോർത്തോളൂ, താക്കറെ എന്ന പേര് മോഷ്ടിക്കാനാവില്ല.” ദാദറിലുള്ള ശിവസേന ഭവനിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് ഉദ്ധവ് താക്കറെ പറഞ്ഞു.
പേരും ചിഹ്നവും നഷ്ടപ്പെട്ട സാഹചര്യത്തിൽ അവസാന പ്രതീക്ഷ സുപ്രീം കോടതിയാണെന്ന് ഉദ്ധവ് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് തെറ്റാണ്. ഒരു പാർട്ടിയുടെ പേരും ചിഹ്നവും ഒറ്റയടിക്ക് ഒരു വിഭാഗത്തിന് നൽകിയ സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഇനി സുപ്രീം കോടതിയിലാണ് ഏകപ്രതീക്ഷയെന്നും ഉദ്ധവ് പ്രതികരിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ഉദ്ധവിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന് എന്തിനായിരുന്നു ധൃതി. ഇത്ര പെട്ടെന്ന് യഥാർത്ഥ ശിവസേനയെ പ്രഖ്യാപിച്ചത് ആർക്കുവേണ്ടിയാണെന്നും ഉദ്ധവ് ചോദിച്ചു. എന്തായാലും ‘താക്കറെ’ എന്ന പേര് കൊണ്ടുപോകാൻ അവർക്കാവില്ല. ബാലസാഹേബ് താക്കറെയുടെ കുടുംബത്തിൽ ജനിക്കാനായത് തന്റെ സൗഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യ സ്ഥാപനങ്ങളെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ തകർക്കുകയാണ് ബിജെപി. ഇന്ന് ഞങ്ങളോട് ചെയ്തത് നാളെ അവർ എല്ലാവരോടും ചെയ്യും. ഇതു തുടർന്നാൽ 2024 കഴിയുമ്പോൾ ഇന്ത്യയിൽ ജനാധിപത്യമുണ്ടാകില്ല. ഇവിടെ തിരഞ്ഞെടുപ്പുണ്ടാകില്ലെന്നും ഉദ്ധവ് ആരോപിച്ചു.
Comments