കണ്ണൂർ: തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശും കൂട്ടരുമല്ലെന്ന് പി ജയരാജൻ. രാഷ്‌ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി ആകാശിനെ സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ ക്വട്ടേഷൻ സംഘത്തിന്റെ സേവനം പാർട്ടിക്ക് ആവശ്യമില്ലെന്നും പി ജയരാജൻ പറഞ്ഞു. തില്ലങ്കേരിയിൽ നടന്ന സിപിഎമ്മിന്റെ വിശദീകരണ യോഗത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.
മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ പി ജയരാജൻ തന്നെ നേരിട്ടെത്തി ആകാശിനെയും കൂട്ടരെയും തള്ളിപ്പറയണമെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി വിശദീകരണ യോഗത്തിൽ എത്തുകയായിരുന്നു പി ജയരാജൻ.
തില്ലങ്കേരിയിൽ 520 പാർട്ടി അംഗങ്ങളുണ്ട്. അതാണ് തില്ലങ്കേരിയിലെ പാർട്ടി. അല്ലാതെ ആകാശും കൂട്ടരുമല്ല. ആകാശിന്റെ ഫേസ്ബുക്ക് കമന്റ് വായിച്ചു. ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങൾ പാർട്ടിക്ക് ഒപ്പമുണ്ട്. അവരാരും പലവഴി പോയിട്ടില്ല. പാർട്ടി അവരെ സംരക്ഷിച്ചില്ലെന്ന ആകാശിന്റെ വാദം തെറ്റാണെന്നും പി. ജയരാജൻ പറഞ്ഞു.
ഷുഹൈബ് വധം സിപിഎമ്മിന് അംഗീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. അതിനാൽ കേസിൽ അകപ്പെട്ട എല്ലാവരെയും പുറത്താക്കിയതാണ്. പക്ഷെ അതിനു മുമ്പ് ആകാശ് കേസിൽപ്പെട്ടത് രാഷ്‌ട്രീയ പ്രതിരോധത്തിന്റെ ഭാഗമായിട്ടാരുന്നു. അതുകൊണ്ട് അന്ന് ആകാശിനെ പാർട്ടി സംരക്ഷിച്ചിട്ടുമുണ്ടെന്നും ജയരാജൻ വിശദീകരിച്ചു.
Comments