ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് വിമാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ എയർലൈൻസിന്റെ 6 2051 വിമാനത്തിലും ഡൽഹിയിൽ നിന്ന് ദിയോഗഢിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6 6191 വിമാനത്തിലുമാണ് ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി എത്തിയത്. ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് ദിയോഗഢിലേക്ക് പോകുകയായിരുന്ന വിമാനം ലഖ്‌നൗവിലേക്ക് തിരിച്ചുവിട്ടു.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം ഡൽഹി വിമാനത്താവളത്തിലെത്തിയ ഉടൻ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ യാതൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ ബോംബ് ഭീഷണി വ്യാജമാണെന്ന് ഉറപ്പിക്കുകയായുരുന്നെന്ന് ഇൻഡിഗോ എയർലൈൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ ഏജൻസികൾ എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ടെന്നും മറ്റ് സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുള്ളതിനാൽ വീഴ്ച സംഭവിക്കില്ലെന്നും വിമാനത്താവളധികൃതർ പ്രസ്ഥാവനയിൽ അറിയിച്ചു.
ഡൽഹിയിൽ നിന്ന് ദിയോഗഢിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ചൗധരി ചരൺ സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഇറക്കി ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോകുകയും എല്ലാ പരിശോധനകളും നടത്തിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വ്യാജ ബോംബ് ഭീഷണി സന്ദേശം മുഴക്കിയയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
















Comments