സംസ്ഥാനത്തെ ജനങ്ങൾ കറുപ്പ് എന്ന നിറത്തെക്കുറിച്ച് ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒരു സമയമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുപ്പിനെ വിലക്കിയതോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ കറുപ്പ് എന്ന വിഷയത്തിലെ ചർച്ച സജീവമായത്. കറുത്ത വസ്ത്രം, മാസ്‌ക് എന്നിവ ധരിക്കുന്നത് പോലും പിണറായിയുടെ പരിപാടിയിൽ കർശനമായി നിരോധിച്ചതോടെ ചുവപ്പ് കണ്ട കാളയപ്പോലെയാണ് കറുപ്പ് കാണുന്ന മുഖ്യമന്ത്രിയെന്ന് ബിജെപി വിമർശിച്ചു. കറുപ്പ് ധരിച്ചെത്തുന്നവരെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. ഈ നാട്ടിൽ മുസ്ലീം സ്ത്രീകൾക്ക് പർദ്ദ ധരിച്ച് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായെന്നും സുധാകരൻ പരിഹസിച്ചു.
ഇതിന്റെ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ കറുപ്പ് ധരിച്ച എത്തുന്ന സെലിബ്രിറ്റികളുടെ ചിത്രങ്ങൾക്ക് താഴെ ഉയരുന്നതും ഇതേ ചർച്ചയാണ്. മുഖ്യമന്ത്രിയോട് എങ്ങനെയിത് ചെയ്യാൻ തോന്നിയെന്നാണ് കറുപ്പ് വേഷം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത ദുൽഖർ സൽമാനോട് ആരാധകർ ചോദിച്ചത്. കറുത്ത വസ്ത്രത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ചിത്രങ്ങൾ ഇപ്പോൾ പോസ്റ്റ് ചെയ്യാൻ എന്താണ് കാരണമെന്നും ചിലർ ദുൽഖറിനോട് ചോദിച്ചു.
സമാനമായ ചോദ്യങ്ങളാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ചിത്രത്തിന് താഴെയും വന്നത്. എന്നാലും കറുപ്പ് ഇട്ട് പോസ്റ്റിട്ടത് ഇത്തിരി കടുപ്പമായി പോയില്ലേന്നായിരുന്നു ഒരു കമന്റ്. ശൂ..ശൂ.. കറുപ്പ് കറുപ്പ്.. മാറ്റ്, മാറ്റ്.., കാണാൻ ചന്തമൊക്കെയുണ്ട് പക്ഷെ ഇതിട്ട് റോഡിലിറങ്ങിയാൽ പോലീസ് പൊക്കാതെ നോക്കിക്കോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
സുരക്ഷാ പ്രശ്‌നങ്ങൾ മൂലമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പിന് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് പോലീസിന്റെയും സർക്കാരിന്റെയും വിശദീകരണം. ഇതിലൂടെ മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്നും എന്തിനാണിങ്ങനെ ഓടിക്കളിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.
















Comments